Vellapally Natesan: മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാനാകില്ല; പോലീസിന് നിയമോപദേശം
Vellapally Natesan's Hate Speech: പ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയുടെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്.

മലപ്പുറം: മലപ്പുറം ജില്ലയ്‌ക്കെതിരായി വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ വെള്ളാപ്പള്ളി നടേശന് എതിരെ കേസെടുക്കാനാകില്ലെന്ന് പോലീസിന് നിയമോപദേശം. എടക്കര പോലീസിനാണ് നിയമോപദേശം ലഭിച്ചത്. മലപ്പുറം ചുങ്കത്തറയില്‍ വെച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു വെള്ളാപ്പള്ളി ജില്ലയ്‌ക്കെതിരെ സംസാരിച്ചത്.
പ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയുടെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ല പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനം ആണെന്നും ഒരു പ്രത്യേക രാജ്യമാണെന്നുമാണ് പ്രസംഗത്തില്‍ വെള്ളാപ്പള്ളി പറഞ്ഞത്. അവിടെ സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.




മലപ്പുറത്തുള്ള ഈഴവര്‍ക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. അവര്‍ വോട്ടുകുത്തിയന്ത്രങ്ങളായി പ്രവര്‍ത്തിക്കുകയാണ്. പിന്നാക്ക വിഭാഗം സംഘടിച്ച് വോട്ട് ബാങ്കായി നില്‍ക്കാത്തതാണ് അവഗണനക്കുള്ള പ്രധാന കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവര്‍ക്ക് കിട്ടുന്നില്ല എന്നും മലപ്പുറം ചുങ്കത്തറയില്‍ നടന്ന എസ്എന്‍ഡിപി സമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.
എന്നാല്‍ തന്റെ പ്രസംഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും പ്രസംഗത്തില്‍ പറഞ്ഞത് സമുദായത്തിന്റെ അവസ്ഥയെ കുറിച്ചാണെന്നും വിശദീകരിച്ച് വെള്ളാപ്പള്ളി പിന്നീട് രംഗത്തെത്തിയിരുന്നു. താന്‍ മുസ്ലിം വിരോധിയല്ലെന്നും പറഞ്ഞ വാക്കില്‍ നിന്നും ഒന്നു പോലും പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.