5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

കെ കെ ശൈലജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും: ഷാഫി പറമ്പില്‍

സംഭവം വിവാദമായതോടെ വീഡിയോ അല്ല മുഖം വെട്ടിയൊട്ടിച്ച പോസ്റ്റാണ് പ്രചരിക്കുന്നതെന്നാണ് താന്‍ പറഞ്ഞതെന്ന് ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെ തനിക്കെതിരെ ഉണ്ടായ അധിക്ഷേപത്തില്‍ ആരെങ്കിലും മാപ്പ് പറയുമോയെന്ന് ഷാഫി പറമ്പില്‍ ചോദിച്ചിരുന്നു

കെ കെ ശൈലജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും: ഷാഫി പറമ്പില്‍
Shafi Parambil
shiji-mk
Shiji M K | Published: 21 Apr 2024 11:28 AM

കോഴിക്കോട്: സൈബര്‍ ആക്രമണ ആരോപണത്തില്‍ കെ കെ ശൈലജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍. കെ കെ ശൈലജയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം വന്നതിനെ തുടര്‍ന്ന് ഷാഫി പറമ്പിലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

സംഭവം വിവാദമായതോടെ വീഡിയോ അല്ല മുഖം വെട്ടിയൊട്ടിച്ച പോസ്റ്റാണ് പ്രചരിക്കുന്നതെന്നാണ് താന്‍ പറഞ്ഞതെന്ന് ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെ തനിക്കെതിരെ ഉണ്ടായ അധിക്ഷേപത്തില്‍ ആരെങ്കിലും മാപ്പ് പറയുമോയെന്ന് ഷാഫി പറമ്പില്‍ ചോദിച്ചിരുന്നു.

കെ കെ ശൈലജയെ അപകീര്‍ത്തിപ്പെടും വിധത്തില്‍ വീഡിയോ ഇറങ്ങിയിട്ടില്ല എന്നത് സന്തോഷകരമായ കാര്യമാണെന്നും എന്നാല്‍ ഇതിന്റെ പേരില്‍ തനിക്കെതിരെ നടന്ന വ്യാപകമായ പ്രചാരണങ്ങള്‍ ഇല്ലാതാകുമോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

ശൈലജ തിരുത്തല്‍ നടത്തിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ വീഡിയോയുടെ പേരില്‍ തന്റെ ഉമ്മയുടെ പേര് വരെ വലിച്ചിഴച്ചുവെന്നും ഷാഫി ആരോപിക്കുന്നുണ്ട്.

തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിച്ചെന്ന് പറഞ്ഞിട്ടില്ലെന്നാണ് വകടരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞത്. ഫോട്ടോ പതിച്ചതും മോശം പരാമര്‍ശങ്ങളടങ്ങിയതുമായ പോസ്റ്റുകളാണ് പ്രചരിപ്പിച്ചത്. യു ഡി എഫ് നേതൃത്വത്തിന്റെ അറിവോടെയാണിതെന്നും കൂടുതല്‍ തെളിവുകള്‍ ഇലക്ഷന്‍ കമ്മീഷന് കൈമാറുമെന്നും ശൈലജ പറഞ്ഞിരുന്നു.

‘വീഡിയോ നുണപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ ഞാനന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് പോസ്റ്ററിനെ കുറിച്ചാണ്. പോസ്റ്ററില്‍ തലമാറി എന്റെ തലയൊട്ടിച്ച് വികൃതമാക്കി പ്രചരിപ്പിക്കുന്നു. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. ആരാണ് ഈ മനോരോഗികള്‍. ഇതിനെല്ലാം പിന്നില്‍ ഒരു സംഘമുണ്ട്. അതിന് വേണ്ടിയിറങ്ങിയിരിക്കുകയാണിവര്‍. ആ സംഘം തന്നെയാണ് ഇത് ചെയ്യുന്നത്. പൊലീസ് അന്വേഷണം കാര്യമായി നടക്കുന്നുണ്ട്,’ ശൈലജ പറഞ്ഞു.

സൈബര്‍ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കി എന്ന് ആരും കരുതേണ്ടെന്നും തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അത് വിശ്വസിക്കില്ലെന്നും ശൈലജ പറഞ്ഞു. ജനം കാണട്ടെ, മനസ്സിലാക്കട്ടെ. അവഗണിക്കാനാണ് ആദ്യം തീരുമാനിച്ചത്. സഹികെട്ടപ്പോഴാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞത് പോസ്റ്ററിനെ കുറിച്ചാണ്. ആരാണ് ഈ മനോരോഗികള്‍, ശൈലജ ചോദിച്ചു. നിപ വന്നിട്ട് പതറിയില്ല പിന്നെയല്ലെ ഈ വൈറസ്. അന്ന് അല്‍പം ദേഷ്യം ഉണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ ആകെ ക്ഷീണം ആയി എന്ന് ആരും കരുതണ്ട, എനിക്ക് ക്ഷീണം ഇല്ല, എന്നും ശൈലജ പ്രതികരിച്ചു.

ചില മുസ്ലിം പേരുകളില്‍ ഐഡി ക്രിയേറ്റ് ചെയ്ത് തെറി വിളിച്ച് ഐഡി ഡിലീറ്റ് ചെയ്യുകയാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇതെല്ലാം പൊതുജനം മനസ്സിലാക്കണം. എത്ര നുണ പ്രചരിപ്പിച്ചാലും ജനങ്ങള്‍ വിശ്വസിക്കില്ല. സ്ത്രീ എന്ന നിലയില്‍ മാത്രമല്ല, രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി കൂടി തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ പ്രചാരണം നടത്തിയത്. ഇതിന് മറ്റ് സമാന സംഭവങ്ങള്‍ ഇല്ല. രാഷ്ട്രീയത്തില്‍ പുരുഷന്മാരോടൊപ്പം എല്ലാ അവകാശങ്ങളും ഉള്ള നേതാവാണ് താനെന്നും ശൈലജ പറഞ്ഞു.

അതേസമയം, പി.ആര്‍. ഉപയോഗിക്കുന്നവര്‍ക്ക് എന്ത് കണ്ടാലും പി.ആര്‍. ആണെന്ന് തോന്നുമെന്ന് വി.ഡി സതീശനുള്ള മറുപടിയായി ശൈലജ ആഞ്ഞടിച്ചു. എനിക്ക് പി.ആര്‍. പ്രൊഫഷണല്‍ ടീം അന്നും ഇന്നും ഇപ്പോളും ഇല്ല. പി.ആര്‍. ഉപയോഗിക്കുന്നവര്‍ക്ക് എല്ലാം മഞ്ഞയായി കാണും. അനുയായികളെ അറസ്റ്റ് ചെയ്യുമ്പോള്‍ സതീശന്‍ അവരെ തള്ളിപ്പറയട്ടേയെന്നും ശൈലജ പറഞ്ഞു.