M R Ajithkumar: വിശ്വസ്തനെ ‘കെെ’വിടാതെ മുഖ്യമന്ത്രി, എഡിജിപിക്കെതിരെ നടപടിയില്ല

ADGP- RSS Meeting: എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഇടതുമുന്നണി യോഗത്തിൽ ഘടക കക്ഷികൾ ശക്തമായി ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ മുഖ്യമന്ത്രി.

M R Ajithkumar: വിശ്വസ്തനെ കെെവിടാതെ മുഖ്യമന്ത്രി, എഡിജിപിക്കെതിരെ നടപടിയില്ല

Credits: Kerala Police And Chief ministers office

Updated On: 

11 Sep 2024 22:11 PM

തിരുവനന്തപുരം: ഇടതുമുന്നണിയിലെ ഘടകക്ഷികളുടെ സമ്മർദ്ദത്തിനിടയിലും എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിക്കെതിരെ തത്ക്കാലം നടപടിയില്ല. ഡിജിപിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം തീരും വരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് യോ​ഗത്തിൽ നിലപാടറിയിച്ചു. ഈ തീരുമാനം ഘടകക്ഷികളും അം​ഗീകരിക്കുകയായിരുന്നു.

വിഷയം പ്രധാന ചർച്ചയായ ഇടതുമുന്നണിയോ​ഗം ആരംഭിക്കുന്നതിന് മുന്നോടിയായി ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപിയെ മാറ്റണമെന്ന ആവശ്യവുമായി എന്‍സിപിയും ആര്‍ജെഡിയും രംഗത്തെത്തിയിരുന്നു. യോ​ഗം ആരംഭിക്കുന്നതിന് മുമ്പായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുന്നണി യോ​ഗത്തിന് മുമ്പ് സിപിഎം-സിപിഐ നേതാക്കളും കൂടിക്കാഴ്ച നടത്തി.

‌ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപിയെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നായിരുന്നു സിപിഐ നിലപാട്. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഗൗരവതരമെന്ന് എന്‍സിപി അധ്യക്ഷന്‍ പി.സി.ചാക്കോ പറഞ്ഞിരുന്നു. ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപിയെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആർജെഡിയും ആവശ്യപ്പെട്ടു. ഇടത് സർക്കാരിന്റെ നയങ്ങൾക്ക് ചേരുന്നതല്ല എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെന്നും ആർജെഡ‍ി നേതാവ് വർഗീസ് ജോർജ് പറഞ്ഞു.

ചുമതലയിൽ നിന്ന് മാറ്റാൻ നടപടി ക്രമം പാലിക്കേണ്ടതുണ്ടെന്നാണ് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജുവിന്റെ പ്രതികരണം. ഡിജിപിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നടപടിയെടുക്കാമെന്നാണ് സിപിഎം നിലപാട്. ടി.പി.രാമകൃഷ്ണൻ എൽഡിഎഫ് കൺവീനറായശേഷം നടക്കുന്ന ആദ്യ യോഗമായിരുന്നു ഇന്ന് നടന്നത്.

അതിനിടെ നാല് ദിവസം അവധിയെടുക്കാനുള്ള തീരുമാനം എഡിജിപി പിൻവലിച്ചു. വിവാദങ്ങളും ആരോപണങ്ങളും കനക്കുന്ന സാഹചര്യത്തിലാണ് അവധി പിൻവലിക്കുന്നത്. സ്വകാര്യ ആവശ്യം ചൂണ്ടിക്കാട്ടി ശനിയാഴ്ച ( സെപ്റ്റംബർ 14) മുതൽ വരുന്ന ചൊവാഴ്ച വരെ ( സെപ്റ്റംബർ 18) അവധിയെടുക്കാനുള്ള തീരുമാനമാണ് എഡിജിപി എം ആർ അജിത് കുമാർ മാറ്റിയത്. ഇന്നലെ മലപ്പുറം എസ്പി എസ്. ശശിധരൻ അടക്കം ഡിവൈഎസ്പി റാങ്കിലുള്ള 8 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയിരുന്നു. ഈ സ്ഥലമാറ്റത്തിന് പിന്നാലെയാണ് അവധി പിൻവലിക്കാനുള്ള എഡിജിപിയുടെ തീരുമാനം.

നാല് ദിവസത്തെ അവധി നീട്ടിയെടുക്കാനുള്ള എഡിജിപിയുടെ ആവശ്യം ആഭ്യന്തര വകുപ്പ് തള്ളിയിരുന്നു. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് എഡിജിപി അവധിയിൽ പോകുന്നതെന്ന് പി വി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണോ പിന്മാറ്റമെന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയും സിപിഎമ്മും എഡിജിപിയെ സംരക്ഷിക്കുന്നതില്‍ ഇടതുമുന്നണിക്കുള്ളിൽ കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയുടെ മൗനം പാർട്ടിയുടെ ബലഹീനതയായാണ് വിലയിരുത്തപ്പെടുന്നതെന്നും സാധാരണക്കാരായ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽക്കാൻ കഴിയാത്ത അവസ്ഥയാണെന്നും നേതാക്കള്‍ പറയുന്നു.

ഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ന്യായീകരിച്ചതിനെതിരെയും വിമർശമനുയരുന്നുണ്ട്. ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ഈ സംഘടനയിലെ മുതിർന്ന നേതാവിനെ കണ്ടതിൽ തെറ്റില്ലെന്ന ഷംസീറിന്റെ പ്രസ്താവനയില്‍ സിപിഐക്ക് പുറമേ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.

Related Stories
Mumps Outbreak Malappuram: മഞ്ചേരിയിലെ സ്കൂളിൽ 30 കുട്ടികൾക്ക് മുണ്ടിനീര്; സ്കൂൾ അടച്ചു, വിദഗ്ധ സംഘം പരിശോധന നടത്തി
Kerala Rain Alert: ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; നാളെ തീവ്രന്യൂനമർദ്ദമാകും, വരും ദിവസങ്ങളിൽ മഴ ശക്തമാകും
work near home: ഇത് കിടുക്കും ! എന്താണ് വര്‍ക്ക് നിയര്‍ ഹോം ? ആരെല്ലാമാണ് ഗുണഭോക്താക്കള്‍ ? അറിയേണ്ടതെല്ലാം
Priyanka Gandhi: വോട്ടുകൊണ്ട് മാത്രം പ്രിയങ്കരിയാകില്ല; വയനാടന്‍ ഹൃദയം തൊടാന്‍ പ്രിയങ്കയ്ക്ക് മുന്നില്‍ കടമ്പകളേറേ
Ration Card Mustering: റേഷൻ കാർഡിൽനിന്ന് ലക്ഷത്തിലേറെപ്പേർ പുറത്തേക്ക്…; കാരണം മസ്റ്ററിങ് നടത്തിയില്ല
KSEB: വീട്ടിലിരുന്ന് വൈദ്യുതി കണക്ഷനെടുക്കാം…; ഡിസംബർ ഒന്ന് മുതൽ അടിമുടിമാറാൻ കെഎസ്ഇബി
വെറും വയറ്റിൽ ഇവ കഴിക്കല്ലേ; പണി കിട്ടും
സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ