‘എല്‍ഡിഎഫിനെയും യുഡിഎഫിനെയും സൂക്ഷിക്കണം, ഇവര്‍ ഒറ്റക്കെട്ടാണ്’: മോദി
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് സിപിഎം കൊള്ളയുടെ ഒരു ഉദാഹരണമാണ്. ജനങ്ങളുടെ പണം പരസ്യമായി കൊളളയടിച്ചു. പാവങ്ങള്‍, മധ്യവര്‍ഗം അധ്വാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കിയെന്നും മോദി ആരോപിച്ചു
തൃശൂര്‍: രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ വലിയ നേതാവ് യുപിയിലെ സ്വന്തം സീറ്റില്‍ മത്സരിക്കാതെ കേരളത്തിലെത്തി. ജയിക്കാന്‍ നിരോധിത സംഘടനയുമായി കൈകോര്‍ക്കുമെന്നും മോദി പറഞ്ഞു. കുന്നംകുളത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
എല്‍ഡിഎഫിനെയും മോദി വിമര്‍ശിക്കുന്നുണ്ട്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും സൂക്ഷിക്കണം. ഇവിടെ രണ്ട് ചേരിയിലാണെന്ന് പറയുന്നവര്‍ ഡല്‍ഹിയില്‍ ഒരു പ്ലേറ്റില്‍ കഴിക്കുന്നു. ഇന്ത്യ സഖ്യമുണ്ടാക്കിയത് മോദി ഇവരുടെ കൊള്ള തകര്‍ക്കുമെന്നറിയാവുന്നതിനാല്‍. മോദിയാണവരുടെ ശത്രു. താന്‍ പാവങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുകയാണെന്നും മോദി പറഞ്ഞു.
ബിജെപി ഭരണത്തില്‍ രാജ്യം വേഗത്തില്‍ മുന്നോട്ട് പോവുകയാണെന്നും എല്‍ഡിഎഫും യുഡിഎഫും കേരളത്തെ പിന്നോട്ടടിക്കുകയാണെന്നും എല്‍ഡിഎഫ് കേന്ദ്ര പദ്ധതികള്‍ക്ക് തടസം നില്‍ക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇടത് ഭരിച്ചാല്‍ ഇടതും വലതും ഒന്നുമുണ്ടാകില്ല. ഇവിടെ മാത്രമല്ല ബംഗാളിലും തൃപുരയിലും അങ്ങനെയാണ്. സമാധാന പ്രിയരായ കേരളത്തില്‍ അക്രമം സര്‍വ സാധാരണയായി. കുട്ടികള്‍ വരെ സുരക്ഷിതരല്ല. ക്യാമ്പസുകളില്‍ അക്രമം പതിവായി.
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് സിപിഎം കൊള്ളയുടെ ഒരു ഉദാഹരണമാണ്. ജനങ്ങളുടെ പണം പരസ്യമായി കൊളളയടിച്ചു. പാവങ്ങള്‍, മധ്യവര്‍ഗം അധ്വാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കിയെന്നും മോദി ആരോപിച്ചു.
സിപിഎം മൂന്ന് വര്‍ഷമായി നുണ പറയുന്നു. പണം നല്‍കും കുറ്റക്കാരെ ശിക്ഷിക്കും എന്ന് നുണ പറയുകയാണ്. എന്നാല്‍, മോദിയാണ് നടപടി എടുത്തത്. തട്ടിപ്പുകാരുടെ 90 കോടി ഇ ഡി കണ്ടുകെട്ടി. നിയമ നടപടി പൂര്‍ത്തിയാക്കി നഷ്ടപ്പെട്ടവര്‍ക്ക് വിട്ടു നല്‍കുന്നതെങ്ങനെ എന്ന് ചര്‍ച്ച ചെയ്യുകയാണിപ്പോള്‍. കരുവന്നൂരില്‍ വഞ്ചിതരായവര്‍ക്ക് പണം തിരിച്ചുനല്‍കും. അതിന് ഏതറ്റം വരെയും പോകുമെന്നും മോദി പറഞ്ഞു.
എന്‍ ഡി എ സര്‍ക്കാര്‍ ഗുരുവിന്റെ ആദര്‍ശത്തിലുറച്ച് ജോലി ചെയ്യുന്നവരാണെന്നും ജല്‍ ജീവന്‍ മിഷന് കേരളത്തില്‍ വേഗത പോരായെന്നും മോദി ആരോപിച്ചു. അഴിമതിക്കാണ് ഇവിടുത്തെ സര്‍ക്കാരിന് താത്പര്യം. രാജസ്ഥാനില്‍ വെള്ളമില്ല. എന്നാല്‍ ഇവിടെ അങ്ങനെയാണോ സ്ഥിതി. എന്നെ അനുഗ്രഹിച്ചാല്‍ ഇവിടെ എല്ലാ വീടുകളിലും വെള്ളമെത്തിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.