Kuzhimanthi Poison: കുഴിമന്തിയില്‍ നിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു
ഹോട്ടലില്‍ നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്‌സല്‍ വാങ്ങിക്കൊണ്ടുപോയി കഴിച്ചവര്‍ക്കുമെല്ലാം ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. മരിച്ച ഉസൈബ ഇവിടെ നിന്ന് കുഴിമന്തി പാഴ്‌സല്‍ വാങ്ങി കഴിക്കുകയായിരുന്നു.
തൃശൂര്‍: കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിന് പിന്നാലെയുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞ സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് അന്ത്യം.
പെരിഞ്ഞനം മൂന്നുപീടികയിലെ സെയിന്‍ എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലില്‍ നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്‌സല്‍ വാങ്ങിക്കൊണ്ടുപോയി കഴിച്ചവര്‍ക്കുമെല്ലാം ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. മരിച്ച ഉസൈബ ഇവിടെ നിന്ന് കുഴിമന്തി പാഴ്‌സല്‍ വാങ്ങി കഴിക്കുകയായിരുന്നു.
കുഴിമന്തിക്കൊപ്പമുള്ള മയോണൈസില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായതിനെ തുടര്‍ന്ന് ഇവര്‍ ചികിത്സ തേടുകയായിരുന്നു. ഇവരുടെ ബന്ധുക്കളായ മൂന്നുപേരും ചികിത്സയിലുണ്ട്.
178 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഈ ഹോട്ടലില്‍ നിന്ന് കുഴിമന്തിയടക്കമുള്ള ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.
ആരോഗ്യവകുപ്പും, പഞ്ചായത്ത് -ഫുഡ് ആന്റ് സേഫ്റ്റി അധികൃതരും പൊലീസും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹോട്ടല്‍ അടപ്പിച്ചിരുന്നു. ഹോട്ടലില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി ഷവര്‍മ്മ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.
47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിലാണ് ഇതുവരെ പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചിരുന്ന 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തിവെപ്പിച്ചു.
108 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുമാണ് നല്‍കിയിരിക്കുന്നത്. പാര്‍സലില്‍ കൃത്യമായി ലേബല്‍ ഒട്ടിക്കാതെ ഷവര്‍മ്മ വിതരണം ചെയ്ത 40 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ശക്തമായ പരിശോധനകള്‍ തുടരുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
ഷവര്‍മ്മ നിര്‍മ്മാണത്തില്‍ കടയുടമകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് പരിശോധന നടത്തിയത്. ഷവര്‍മ്മ നിര്‍മ്മാണവും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം എന്നത് നേരത്തെ വ്യക്തമാക്കിയതാണ്.