Kuwait Fire: മരിച്ച മലയാളികളുടെ കുടുംബത്തിന് അഞ്ച് ലക്ഷമല്ല, 12 ലക്ഷം ധനസഹായം
Kuwait Mangaf FIre Updates: പ്രവാസി വ്യവസായികളായ എംഎ യൂസഫലി, രവി പിള്ള എന്നിവരും സഹായവുമായി എത്തി. നോര്‍ക്ക മുഖേനയാണ് ആളുകൾക്ക് ഈ സഹായം ലഭ്യമാക്കുക ഇത് വേഗത്തിൽ ലഭ്യമാക്കും
തിരുവനന്തപുരം: കുവൈറ്റ് തീപ്പിടുത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബത്തിന് 12 ലക്ഷം രൂപയാണ് ധനസഹായമായി ലഭിക്കുക. സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ പ്രവാസി വ്യവസായികളായ എംഎ യൂസഫലി, രവി പിള്ള എന്നിവരും സഹായവുമായി എത്തി. നോര്‍ക്ക മുഖേനയാണ് ആളുകൾക്ക് ഈ സഹായം ലഭ്യമാക്കുക. ഇത്തരത്തിൽ ഒരു കുടുംബത്തിന് ആകെ 12 ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക. ഇതിനൊപ്പം പരിക്കേറ്റവർക്ക് 1 ലക്ഷം രൂപ സംസ്ഥാന സർക്കാരും നൽകും.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്തി വീണാ ജോർജ് അടിയന്തരമായി കുവൈറ്റിലേക്ക് പോകും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക, പരിക്കേറ്റവരെ സന്ദർശിക്കുക, അടിയന്തിര സഹായം ആവശ്യമുള്ളവർക്ക അത് നൽകുക തുടങ്ങിയവയായിരിക്കും വീണാ ജോർജ്ജ് ചെയ്യുക.
ഇതുവരെയുള്ള വിവരങ്ങൾ പ്രകാരം 24 മലയാളികളാണ് കുവൈറ്റിലെ മംഗാഫിലെ ഫ്ലാറ്റിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ചത്. തീപിടിത്തത്തിൽ ആകെ 49 പേർ മരിച്ചതായാണ് ആദ്യം വന്ന റിപ്പോർട്ട് 14 പേരായിരുന്നു ആദ്യത്തെ കണക്കിലെ മലയാളികൾ.
മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കും. മലയാളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ 195 പേര്‍ ഉണ്ടായിരുന്നവെന്നാണ് വിവരം. അപകടം നടന്ന സമയം ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ആദ്യം താഴത്തെ നിലയിൽ നിന്നാരംഭിച്ച തീ പിന്നീട് പടരുകയായിരുന്നു.