Kuwait Fire Accident: കുവൈറ്റ് തീപിടിത്തം; ബിനോയിക്ക് ലൈഫില്‍ വീടൊരുക്കും, മകന് സര്‍ക്കാര്‍ ജോലി
Kuwait Fire Accident Binoy's Death: അപകടം നടക്കുന്നതിന് അഞ്ച് ദിവസം മുമ്പാണ് ബിനോയ് കുവൈത്തിലെത്തിയത്. അപകടത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെവി അബ്ദുള്‍ ഖാദര്‍ പറഞ്ഞിരുന്നു. തീപിടിത്തം നടന്ന ദിവസം ബിനോയ് രാവിലെ 2 മണി വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നുവെന്ന് കുടുംബവും സ്ഥിരീകരിച്ചിരുന്നു.
തൃശൂര്‍: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫില്‍ വീട് നല്‍കുമെന്ന് മന്ത്രി കെ രാജന്‍. ഇക്കാര്യം ചാവക്കാട് നഗരസഭ ഈ മാസം 20ന് യോഗം ചേര്‍ന്ന് അജണ്ട അംഗീകരിക്കുമെന്നും പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ബിനോയ് തോമസിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
ബിനോയ് തോമസിന്റെ മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ആ ബിന്ദുവും അറിയിച്ചിട്ടുണ്ട്. ബിനോയ് തോമസിന് വീട് വെച്ച് നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ സര്‍ക്കാര്‍ നീക്കം.
അപകടം നടക്കുന്നതിന് അഞ്ച് ദിവസം മുമ്പാണ് ബിനോയ് കുവൈത്തിലെത്തിയത്. അപകടത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെവി അബ്ദുള്‍ ഖാദര്‍ പറഞ്ഞിരുന്നു. തീപിടിത്തം നടന്ന ദിവസം ബിനോയ് രാവിലെ 2 മണി വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നുവെന്ന് കുടുംബവും സ്ഥിരീകരിച്ചിരുന്നു. പിന്നീട് വിവരങ്ങള്‍ നോര്‍ക്കക്ക് കൈമാറിയ ശേഷം നടത്തിയ തെരച്ചിലിലാണ് ബിനോയ് മരിച്ചതായി സ്ഥിരീകരിച്ചത്.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ്‍ ബാബു (37), കണ്ണൂര്‍ പാടിയോട്ടുചാല്‍ വയക്കര സ്വദേശി നിതിന്‍ കൂത്തൂര്‍ (30), ചെങ്ങന്നൂര്‍ പാണ്ടനാട് വന്‍മഴി മണക്കണ്ടത്തില്‍ മാത്യു തോമസ് (53), കൊല്ലം ശൂരനാട് സ്വദേശി ഷമീര്‍ ഉമറുദ്ദീന്‍ (30), കാസര്‍കോട് ചെങ്കള സ്വദേശി കെ. രഞ്ജിത്ത് (34), കാസര്‍കോട് പിലിക്കോട് എരവില്‍ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടിയിലുള്ള സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്‍ നായര്‍ (31), കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), വള്ളിക്കോട് വാഴമുട്ടം സ്വദേശി പിവി മുരളീധരന്‍ (68), കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (48), തിരുവല്ല സ്വദേശി തോമസ് ഉമ്മന്‍ (37), കണ്ണൂര്‍ ധര്‍മ്മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെ പുരക്കല്‍ നൂഹ് (40), പുലാമന്തോള്‍ തിരുത്ത് സ്വദേശി എംപി ബാഹുലേയന്‍ (36), ചങ്ങനാശേരി ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ ശ്രീഹരി പ്രദീപ് (27), പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), നിരണം സ്വദേശി മാത്യൂ ജോര്‍ജ് (54) എന്നിവരാണ് മരിച്ചത്.
Also Read: MVD : നിരത്തിനെ കോളാമ്പിയാക്കുന്നവർ ജാഗ്രതൈ; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
അതേസമയം, തിപീടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതവുമാണ് നല്‍കുക.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കാമെന്ന് പ്രമുഖ വ്യവസായിയായ എംഎ യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം നല്‍കാമെന്ന് പ്രമുഖ വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപ സഹായധനം ലഭിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.