Kuwait Fire Accident: എയര്‍ ഇന്ത്യ ചതിച്ചു; ശ്രീഹരിയുടെ സഹോദരന് എത്താനായില്ല, സംസ്‌കാരം ഞായറാഴ്ചയിലേക്ക് മാറ്റി
Kuwait Fire Accident Sreehari Death: കോട്ടയം ചങ്ങനാശേരി സ്വദേശിയാണ് കുവൈത്തിലെ തീപിടിത്തത്തില്‍ മരണപ്പെട്ട ശ്രീഹരി പ്രദീപ്. തന്റെ ആദ്യ ശമ്പളം പോലും വാങ്ങുന്നതിന് മുമ്പാണ് ശ്രീഹരി യാത്രയായത്. വെറും എട്ടുദിവസം മുമ്പാണ് ശ്രീഹരി ജോലിക്കായി കുവൈത്തിലെത്തിയത്.
കോട്ടയം: എയര്‍ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് നാട്ടിലെത്താനാവാതെ കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച ശ്രീഹരിയുടെ സഹോദരന്‍. കാനഡയില്‍ ജോലി ചെയ്യുന്ന ശ്രീഹരിയുടെ അമ്മയുടെ സഹോദരീ പുത്രനായ ആരോമലിനാണ് നാട്ടിലേക്ക് എത്താന്‍ തടസം നേരിട്ടിരിക്കുന്നത്. ആരോമലിന് എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ ശ്രീഹരിയുടെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ചയിലേക്ക് മാറ്റി.
ശനിയാഴ്ചയായിരുന്നു നേരത്തെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ആരോമല്‍ വിമാനത്തില്‍ കയറി മൂന്നുമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിയിച്ചത്. സാങ്കേതിക പ്രശ്‌നമാണ് വിമാനം റദ്ദാക്കുന്നതിന് കാരണമായി പറഞ്ഞത്. എന്നാല്‍ പിന്നീട് യാത്രയുടെ കാര്യത്തില്‍ തീരുമാനമുണ്ടായില്ലെന്നും ആരോമല്‍ പറയുന്നു. നാട്ടിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരുടെ സ്വാധീനഫലമായി ശനീയാഴ്ചയിലേക്ക് ടിക്കറ്റ് ലഭിച്ചുവെന്നും ആരോമല്‍ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.
കോട്ടയം ചങ്ങനാശേരി സ്വദേശിയാണ് കുവൈത്തിലെ തീപിടിത്തത്തില്‍ മരണപ്പെട്ട ശ്രീഹരി പ്രദീപ്. തന്റെ ആദ്യ ശമ്പളം പോലും വാങ്ങുന്നതിന് മുമ്പാണ് ശ്രീഹരി യാത്രയായത്. വെറും എട്ടുദിവസം മുമ്പാണ് ശ്രീഹരി ജോലിക്കായി കുവൈത്തിലെത്തിയത്. ജോലിയില്‍ പ്രവേശിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രീഹരി ഈ ലോകത്തോട് വിടപറഞ്ഞു.
ഇന്ന് രാവിലെ 10.30 ഓടെയാണ് മരിച്ച 45 പേരുടെ മൃതദേഹവുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യോമസേനയുടെ വിമാനം ലാന്‍ഡ് ചെയ്തത്. വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് 23 മലയാളികളുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമര്‍പ്പിച്ച് അന്തിമോപചാരം അര്‍പ്പിച്ചു.
പോലീസിന്റെ ഔദ്യോഗിക ബഹുമതികളോട് കൂടിയും അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. വൈകാരിക രംഗങ്ങള്‍ക്കാണ് വിമാനത്താവളം സാക്ഷിയായത്. പൊതുദര്‍ശനത്തിന് ശേഷം ആംബുലന്‍സുകളില്‍ അവരവരുടെ സ്ഥലങ്ങളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി. ഓരോ ആംബുലന്‍സിനൊപ്പം അകമ്പടി വാഹനവും അനുഗമിക്കുന്നുണ്ട്.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ്‍ ബാബു (37) , കണ്ണൂര്‍ പാടിയോട്ടുചാല്‍ വയക്കര സ്വദേശി നിതിന്‍ കൂത്തൂര്‍ (30), ചെങ്ങന്നൂര്‍ പാണ്ടനാട് വന്‍മഴി മണക്കണ്ടത്തില്‍ മാത്യു തോമസ് (53), കൊല്ലം ശൂരനാട് സ്വദേശി ഷമീര്‍ ഉമറുദ്ദീന്‍ (30), കാസര്‍കോട് ചെങ്കള സ്വദേശി കെ. രഞ്ജിത്ത് (34), കാസര്‍കോട് പിലിക്കോട് എരവില്‍ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടിയിലുള്ള സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്‍ നായര്‍ (31), കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), വള്ളിക്കോട് വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍ (68) കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു-48), തിരുവല്ല സ്വദേശി തോമസ് ഉമ്മന്‍(37), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36), ചങ്ങനാശേരി ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ ശ്രീഹരി പ്രദീപ് (27), പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), നിരണം സ്വദേശി മാത്യൂ ജോര്‍ജ് (54) എന്നിവരാണ് മരിച്ചത്.
അതേസമയം, തിപീടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കാമെന്ന് പ്രമുഖ വ്യവസായിയായ എംഎ യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം നല്‍കാമെന്ന് പ്രമുഖ വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപ സഹായധനം ലഭിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.