5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

K T Jaleel MLA: ഉപ്പുതിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ, പോലീസിനെതിരേ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ

KT Jaleel MLA strongly criticized the kerala police: ഒരിറ്റുദയപോലും അർഹിക്കാത്ത പോലീസ് 'പ്രമുഖന്മാർ' തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടുമെന്നും ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

K T Jaleel MLA: ഉപ്പുതിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ, പോലീസിനെതിരേ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ
KT Jaleel - Photo Facebook
aswathy-balachandran
Aswathy Balachandran | Published: 04 Sep 2024 15:48 PM

കോഴിക്കോട്: എഡിജിപി അടക്കമുള്ളവർക്കെതിരേ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പോലീസിനെതിരേ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ എംഎൽഎയും രം​ഗത്ത്. പി.വി അൻവർ എം എൽ എ ഉന്നയിച്ച ആരോപണങ്ങൾ ചർച്ചയാകുന്നതിനിടെയാണ് കെ.ടി ജലീലിന്റെ വാക്കുകളും ശ്രദ്ധിക്കപ്പെടുന്നത്. വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഏമാൻമാർ കുടുങ്ങുമെന്നുള്ള പ്രസ്ഥാവനയാണ് ഇതിൽ പ്രധാനം.

കാക്കിയുടെ മറവിൽ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകൾക്ക് അന്ത്യംകുറിക്കപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ. ടി ജലീലിന്റെ പ്രതികരണം.

ALSO READ – ഓണത്തിരക്ക് അധികൃതർ കണ്ടു; എറണാകുളം-യെലഹങ്ക സ്പെഷ്യൽ ട്രെയിൻ ഇന്ന് മുതൽ

ഒരിറ്റുദയപോലും അർഹിക്കാത്ത പോലീസ് ‘പ്രമുഖന്മാർ’ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടുമെന്നും ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. പി.വി അൻവർ പറഞ്ഞതിനെപ്പറ്റിയും കുറിപ്പിൽ പരാമർശിച്ചിരുന്നു. അൻവർ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെയെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു

ഫേയ്‌സ്ബുക്ക് കുറിപ്പ്:

ഉപ്പുനിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ!വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഏമാൻമാർ കുടുങ്ങും. സംശയം വേണ്ട. എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടും. ഒരിറ്റുദയപോലും അർഹിക്കാത്ത പോലീസ് ‘പ്രമുഖ്മാർ’ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടും. കാക്കിയുടെ മറവിൽ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകൾക്ക് അന്ത്യംകുറിക്കപ്പെട്ടു കഴിഞ്ഞു.

ചുമരുകൾക്ക് ജീവനുള്ള കാലമാണിത്.’ദൈവത്തിന്റെ കണ്ണുകൾ’എല്ലായിടത്തും മിഴി തുറന്നിരിപ്പുണ്ട്. സ്വർണ്ണക്കടത്തിൽ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തിപ്പുറത്തിടും. രാത്രിയുടെ അന്ത്യയാമങ്ങളിൽ കടത്തിക്കൊണ്ടു പോയ വസ്തുക്കൾ ഏത് കടലിൽ മുക്കിത്താഴ്ത്തിയാലും കണ്ടെത്തും. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ കരുതിയിരിക്കുക. നിങ്ങളെത്തേടി വരുന്നുണ്ട് പൊതുപ്രവർത്തകരുടെ ഒളിക്യാമറകൾ.

എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആർക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ല. ചരിത്രത്തിലാദ്യമായി നൂറ്റിഇരുപത്തിയഞ്ചിലധികം പോലീസ് ഓഫീസർമാരെ അവരുടെ കയ്യിലിരിപ്പിന്റെ ‘ഗുണം’ കൊണ്ട്, സർവീസിൽ നിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കുറ്റവാളികൾ ആ ധീര സഖാവിൽ നിന്ന് ഒരു തരിമ്പ് പോലും അനുകമ്പ പ്രതീക്ഷിക്കേണ്ട.

ചുണ്ടിനും കപ്പിനുമിടയിലെ ഏതാനും സമയത്തേക്ക് സാങ്കൽപ്പിക കഥകൾ മെനയുന്നവർ നിരാശപ്പെടും. പി.വി അൻവർ എം.എൽ.എ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെ. അതല്ലെങ്കിൽ കോടതിയെ സമീപിക്കട്ടെ. അപ്പോൾ കാണാം സംഘികൾ കലക്കിയാൽ കലങ്ങാത്ത ‘തൃശൂർപൂരം’.