KSRTC Courier Service: കെഎസ്ആർടിസി കൊറിയർ സർവീസ് ലാഭത്തിലോടുന്നു; ഒരു വർഷം കൊണ്ട് ഒരു കോടി രൂപയോളം ലാഭം
KSRTC Courier Service Running Successfully : കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് കഴിഞ്ഞ ഒരു വർഷത്തിനിടെ നേടിയത് ഒരു കോടി രൂപയോളം ലാഭം. കഴിഞ്ഞ വർഷമാണ് കെഎസ്ആർടിസി കൊറിയർ സർവീസ് ആരംഭിച്ചത്.
കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലൊജിസ്റ്റിക്സ് സർവീസ് ലാഭത്തിൽ. കഴിഞ്ഞ ഒരു വർഷത്തിൽ 3.82 കോടി രൂപയാണ് കൊറിയർ സർവീസ് നേടിയത്. ഇതിൽ ഒരു കോടിയോളം രൂപയാണ് ലാഭം. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് കെഎസ്ആർടിസി കൊറിയർ സർവീസ് ആരംഭിച്ചത്. അതാണ് ഇപ്പോൾ മികച്ച ലാഭം കൊയ്തിരിക്കുന്നത്.
ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനായി 2023 ജൂൺ 15നാണ് കെഎസ്ആർടിസി കൊറിയർ സർവീസ് ആരംഭിച്ചത്. സംസ്ഥാനത്തെ 45 ഡിപ്പോകൾക്കൊപ്പം തമിഴ്നാട്ടിലെ കൊയമ്പത്തൂർ, നാഗർകോവിൽ ഡിപ്പോകളെയും തമ്മിൽ ബന്ധിപ്പിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയ്ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൊറിയർ ആൻഡ് ലൊജിസ്റ്റിക്സ് സർവീസ് ആരംഭിക്കുമ്പോൾ വെറും 1,95,000 രൂപയാണ് പാഴ്സൽ കൊണ്ടുപോവുക വഴി കെഎസ്ആർടിസിയ്ക്ക് ഒരു മാസം ലഭിച്ചിരുന്ന വരുമാനം. എന്നാൽ, സർവീസ് ആരംഭിച്ചതോടെ ഇത് മാറി. ദിവസം 2,200 ഉപഭോക്താക്കളെ ദിവസവും പരസ്പരം ബന്ധിപ്പിക്കുന്ന കെഎസ്ആർടിസി പാഴ്സൽ കഴിഞ്ഞ ഒരു വർഷത്തിൽ 4,32,000ലധികം കൊറിയറുകൾ കൈമാറി.
കേരളത്തിലെവിടെയും 16 മണിക്കൂറിനകം കൊറിയർ എത്തിക്കുമെന്നാണ് കെഎസ്ആർടിസിയുടെ കൊമേഴ്ഷ്യൽ വിഭാഗം നടത്തുന്ന കൊറിയർ സർവീസിൻ്റെ അവകാശവാദം. ഉപഭോക്തൃ പരാതികൾ പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൻ്റെ പിന്തുണയുണ്ട്. ഒരു കിലോഗ്രാം മുതൽ 120 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങൾ കെഎസ്ആർടിസി കൊറിയറിലൂടെ പാഴ്സലായി കൈമാറാനാവും. ഇതിനായി ഡിപ്പോകളിലെ കൗണ്ടറുകളിൽ കൊറിയർ നൽകി പണമടയ്ക്കണം. സ്വകാര്യ കൊറിയർ സർവീസുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനംവരെ നിരക്കിൽ കുറവുണ്ട് എന്നതാണ് കെഎസ്ആർടിസി കൊറിയർ ഹിറ്റാവാനുള്ള പ്രധാന കാരണം. കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ ഡെലിവറി എന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്നു.
സർവീസിന് ആവശ്യക്കാരേറുന്നതിനാൽ വാതിൽപ്പടി സേവനവും ഉൾപ്രദേശങ്ങളിൽ ഉൾപ്പെടെ പുതിയ ഫ്രാഞ്ചൈസികൾ ആരംഭിക്കാനും കെഎസ്ആർടിസി പദ്ധതിയിടുന്നുണ്ട്. ഇതോടെ വീടുകളിൽ നിന്ന് കൊറിയർ ശേഖരിക്കുന്ന തലത്തിലേക്ക് കെഎസ്ആർടിസി കൊറിയർ സർവീസ് മാറും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രണ്ട് വാൻ സർവീസുകൾ ആരംഭിക്കാനും നീക്കമുണ്ട്. സ്വകാര്യ കൊറിയർ സർവീസുകൾക്ക് വാനിൽ സ്ഥലം വാടകയ്ക്ക് നൽകും.