KSEB Pension Master Trust: കെഎസ്ഇബി പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റ്; വൈദ്യുതി നിരക്ക് വര്‍ധനവിന് വഴിയൊരുങ്ങുന്നു
KSEB: വരുന്ന 50 വര്‍ഷത്തേക്കുള്ള വിധത്തില്‍ 36,000 കോടി രൂപയാണ് കെഎസ്ഇബിയുടെ പെന്‍ഷന്‍ ബാധ്യത. ഇതില്‍ 12,000 കോടി രൂപയുടെ ബോണ്ട് കെഎസ്ഇബി നേരത്തെ ഇറക്കിയിരുന്നു. ഇനി ബാക്കിയുള്ള 24,000 കോടി രൂപയുടെ ബോണ്ടാണ് ഇറക്കേണ്ടതായി വരിക.
കോഴിക്കോട്: കെഎസ്ഇബി പെന്‍ഷന്‍ ഫണ്ടായ മാസ്റ്റര്‍ ട്രസ്റ്റിലേക്കുള്ള പണത്തിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന തീരുവ ഇനി കെഎസ്ഇബിക്ക് നല്‍കില്ല. ഈ ഉത്തരവ് തിരിച്ചടിയായിരിക്കുന്നത് ഉപഭോക്താക്കള്‍ക്കാണ്. പെന്‍ഷന്‍ ബാധ്യത പൂര്‍ണമായും ഏറ്റെടുക്കുന്നതോടെ ഓരോ വര്‍ഷവും 2400 കോടി രൂപയാണ് അധിക ചെലവായി കെഎസ്ഇബിയുടെ കണക്കില്‍ വരിക. അതിനാല്‍ തന്നെ ഇത് മറിക്കടക്കാന്‍ കെഎസ്ഇബി സംസ്ഥാന റെഗുലേറ്ററി കമ്മീഷനെ സമീപിക്കാനാണ് സാധ്യത. കെഎസ്ഇബി മുന്നോട്ടുവെക്കുന്ന ആവശ്യം അംഗീകരിക്കുന്നതോടെ വൈദ്യുത നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വരുന്ന 50 വര്‍ഷത്തേക്കുള്ള വിധത്തില്‍ 36,000 കോടി രൂപയാണ് കെഎസ്ഇബിയുടെ പെന്‍ഷന്‍ ബാധ്യത. ഇതില്‍ 12,000 കോടി രൂപയുടെ ബോണ്ട് കെഎസ്ഇബി നേരത്തെ ഇറക്കിയിരുന്നു. ഇനി ബാക്കിയുള്ള 24,000 കോടി രൂപയുടെ ബോണ്ടാണ് ഇറക്കേണ്ടതായി വരിക. ബോണ്ട് ഇറക്കി കഴിഞ്ഞാല്‍ തിരിച്ചടവ് തുകയും പലിശയും കെഎസ്ഇബിക്ക് താരിഫ് വര്‍ധനവിനുള്ള പെറ്റീഷനില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ഈ 24,000 കോടി രൂപയോളമുള്ള ബാധ്യത 20 പ്രതിവര്‍ഷ ഗഡുക്കളാക്കിയാണ് നല്‍കേണ്ടത്. അഞ്ച് ശതമാനം തിരിച്ചടവ് തുകയും അഞ്ച് ശതമാനം പലിശയും കണക്കാക്കിയാല്‍ തന്നെ ബാധ്യത പ്രതിവര്‍ഷം 2400 കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് 50 പ്രതിവര്‍ഷ ഗഡുക്കളാക്കാന്‍ തീരുമാനിച്ചാല്‍ പ്രതിവര്‍ഷ ബാധ്യത 1200 കോടിയിലേക്ക് ചുരുക്കാം. ഇക്കാര്യം പരിഗണിക്കണമെന്ന് ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളില്‍ ആവശ്യമുയര്‍ന്നിരുന്നു.
അതേസമയം, പെന്‍ഷന്‍ ട്രസ്റ്റിലേക്ക് നീക്കിവെച്ചിരുന്ന പത്ത് ശതമാനം വൈദ്യുതി തീരുവ വൈദ്യുതി ചാര്‍ജ് കുടിശികയില്‍ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച സര്‍ക്കാരിന്റെ ഉത്തരവിനെതിരെയുള്ള പെന്‍ഷനേഴ്‌സ് കൂട്ടായ്മ ഫയല്‍ ചെയ്ത ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ തീരുമാനമായ ശേഷമായിരിക്കും കെഎസ്ഇബിയില്‍ നിന്ന് പുതിയൊരു നടപടി ഉണ്ടാവുക എന്നാണ് വിവരം.
അതേസമയം, കെഎസ്ഇബി നല്‍കുന്ന വൈദ്യുതി ബില്ലുകള്‍ മലയാളത്തിലാക്കാന്‍ തീരുമാനം. ഇംഗ്ലീഷില്‍ നല്‍കുന്ന ബില്ലുകളിലെ വിവരങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പില്‍ ആയിരുന്നു ഈ വിഷയത്തില്‍ പരാതി ഉയര്‍ന്നത്.
കെഎസ്ഇബി ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ ടികെ ജോസ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ്, കെഎസ്ഇബി സിസ്റ്റം ഓപ്പറേഷന്‍സ് ചീഫ് എന്‍ജിനീയര്‍ വിജു രാജന്‍ ജോണ്‍ ബില്ലുകള്‍ മലയാളത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. ആവശ്യപ്പെടുന്നവര്‍ക്ക് ബില്ല് ഇംഗ്ലീഷില്‍ നല്‍കാനുള്ള ശുപാര്‍ശയും കമ്മീഷന്‍ നല്‍കി. ഒരാഴ്ചക്കുള്ളില്‍ ബില്ലുകളിലെ എഴുത്ത് മാഞ്ഞുപോകുന്ന പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. വൈദ്യുതി ബില്ല് എല്ലാ ഉപഭോക്താക്കളുടെയും മൊബൈല്‍ ഫോണിലേക്ക് അയച്ചു നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സംവിധാനം വേണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
Also Read: Kerala Rain Alerts : ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല; സംസ്ഥാനത്ത് മഴ കുറയുന്നു
കൃത്യമായ ദിവസം നിശ്ചയിച്ച് വേണം മീറ്റര്‍ റീഡിങ് എടുക്കാന്‍. റീഡിങ് എടുത്ത തീയതി ബില്ലില്‍ രേഖപ്പെടുത്തുകയും വേണം. റീഡിങ് എടുക്കുന്ന തീയതി നീളുന്നതിന് അനുസരിച്ച് ഉപഭോക്താവ് അധിക വൈദ്യുതി ഉപയോഗിച്ചതായി ബില്ലില്‍ രേഖപ്പെടുത്തുന്ന ഒരു രീതിയുണ്ട്. ഇത് സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ടി കെ ജോസ് ചൂണ്ടിക്കാട്ടി.