5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSEB: വീട്ടിലിരുന്ന് വൈദ്യുതി കണക്ഷനെടുക്കാം…; ഡിസംബർ ഒന്ന് മുതൽ അടിമുടിമാറാൻ കെഎസ്ഇബി

KSEB Digital Application: പുതിയ വൈദ്യുതി കണക്ഷനും അതുപോലെ മറ്റ് സേവനങ്ങൾക്കുമുള്ള അപേക്ഷകൾ ഡിസംബർ ഒന്ന് മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പിൽ പറയുന്നത്. സെക്ഷൻ ഓഫീസുകളിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഒഴിവാക്കാനാണ് നീക്കം.

KSEB: വീട്ടിലിരുന്ന് വൈദ്യുതി കണക്ഷനെടുക്കാം…; ഡിസംബർ ഒന്ന് മുതൽ അടിമുടിമാറാൻ കെഎസ്ഇബി
കെഎസ്ഇബി കാര്യാലയം (Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 24 Nov 2024 06:25 AM

തിരുവനന്തപുരം: ഇനി പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ ഒന്ന് മുതൽ ഓൺലൈനിൽ മാത്രം. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ചാണ് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി ഫേസ്ബുക്കിലൂടെ അറിയിച്ചു.

പുതിയ വൈദ്യുതി കണക്ഷനും അതുപോലെ മറ്റ് സേവനങ്ങൾക്കുമുള്ള അപേക്ഷകൾ ഡിസംബർ ഒന്ന് മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പിൽ പറയുന്നത്. സെക്ഷൻ ഓഫീസുകളിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഒഴിവാക്കാനാണ് നീക്കം. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

അപേക്ഷാ ഫോം കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ്സൈറ്റായ WSS.KSEB.IN ൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്. അപേക്ഷാ ഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കുന്നതാണ്. എസ്റ്റിമേറ്റിന് അനുസരിച്ചുള്ള പണമടച്ചാൽ ഉടൻ സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്സ്ആപ്പ് സന്ദേശമായി നിങ്ങള‍്ക്ക് ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓരോ വ്യക്തിക്കും ഓൺലൈനായി ട്രാക്ക് ചെയ്യാനും കഴിയുമെന്ന് കെഎസ്ഇബി വിശദീകരിച്ചു.

ചരിത്രം കുറിച്ച് കെഎസ്ഇബി

അതിനിടെ ഒരു മാസത്തിനുള്ളിൽ ആയിരത്തിലേറെ വൈദ്യുതി കണക്ഷനുകൾ അപേക്ഷ സ്വീകരിച്ച അന്നുതന്നെ നൽകിയതിൻ്റെ നേട്ടം ഫേസ്ബൂക്കിലൂടെ കെഎസ്ഇബി പങ്കുവച്ചിരുന്നു. ചരിത്രം നേട്ടംക്കുറിച്ചത് കെ എസ് ഇ ബി നോർത്ത് മലബാർ മേഖലയാണ്. ഒക്ടോബർ ഒന്നു മുതൽ 30 വരെയുള്ള കണക്കുപ്രകാരം നോർത്ത് മലബാർ വിതരണവിഭാഗം ചീഫ് എൻജിനീയറുടെ കാര്യാലയത്തിന് കീഴിൽ വരുന്ന കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ 108 സെക്ഷൻ ഓഫീസുകളിലായി 1002 കണക്ഷനുകൾ പാക്കേജ് കണക്ഷനായി അപേക്ഷിച്ച അന്നേദിവസം തന്നെ നൽകിയതായാണ് കെഎസ്ഇബി അറിയിച്ചത്.

പോസ്റ്റ് വേണ്ടാത്ത 35 മീറ്റർ സർവീസ് വയർ മാത്രം ആവശ്യമുള്ള സർവീസ് കണക്ഷനുകളാണ് പാക്കേജ് കണക്ഷൻ ആയി രജിസ്റ്റർ ചെയ്യാൻ സാധിക്കുക. ഉപഭോക്തൃ സേവന വാരാഘോഷവുമായി ബന്ധപ്പെട്ട് കെഎസ്ഇബി സിഎംഡി നൽകിയ സർക്കുലറിൽ, അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ വൈദ്യുതി കണക്ഷനുകൾ ലഭ്യമാക്കണം എന്ന നിർദ്ദേശം ഉണ്ടായിരുന്നു.

ഈ പദ്ധതി പ്രവർത്തികമാക്കുന്നതിൻ്റെ ഭാഗമായി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർമാർ മുതൽ സെക്ഷൻ ഓഫീസിലെ ഇലക്ട്രിസിറ്റി വർക്കർ വരെയുള്ള മുഴുവൻ ജീവനക്കാരുടെയും യോഗങ്ങൾ വിളിച്ചുചേർത്ത് ഒക്ടോബർ ഒന്നു മുതൽ പദ്ധതി നടപ്പിലാക്കാൻ മുഴുവൻ ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ഓഫീസിൽ വരുന്ന അപേക്ഷകൾ പാക്കേജ് കണക്ഷനായി രജിസ്റ്റർ ചെയ്യുവാൻ നിർദ്ദേശം നൽകി. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി വയറിംഗ് കോൺട്രാക്ടർമാർക്കും അപേക്ഷകർക്കും ഓൺലൈനായി പാക്കേജ് കണക്ഷൻ അപേക്ഷിക്കുന്നതിന്റെ വിധം പരിചയപ്പെടുത്തുന്ന വീഡിയോയും കെഎസ്ഇബി പ്രചരിപ്പിച്ചിരുന്നു.