Electricity restriction: സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം; ഉത്തരവ് ഇന്നിറങ്ങും
വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണമേർപ്പെടുത്താനുള്ള മാർഗനിർദ്ദേശങ്ങളും കെഎസ്ഇബി പുറത്തിറക്കി. നിലവിൽ മലബാറിലാണ് വൈദ്യുതി ഉപയോഗം കൂടുതലായി ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കെഎസ്ഇബി. സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഉത്തരവ് ഇന്നിറങ്ങും. ചീഫ് എഞ്ചിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയ്യാറാക്കി ഉത്തരവിറക്കുന്നത്. അതാത് സ്ഥലങ്ങളിലെ ചീഫ് എഞ്ചിനീയർമാരാണ് ചാർട്ട് തയ്യാറാക്കുന്നത്.
ഇന്നലെ പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലെ സബ് സ്റ്റേഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറത്തിറക്കിയിരുന്നു. വൈകിട്ട് ഏഴ് മുതൽ പുലർച്ചെ ഒരു മണി വരെയുള്ള സമയത്താണ് വൈദ്യുതി ഇടവിട്ട് നിയന്ത്രണം ഏർപ്പെടുത്തുക. വൈദ്യുതിക്ക് പീക്ക് ആവശ്യകത കൂടിയ സ്ഥലങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. നിലവിൽ മലബാറിലാണ് വൈദ്യുതി ഉപയോഗം കൂടുതലായി ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണമേർപ്പെടുത്താനുള്ള മാർഗനിർദ്ദേശങ്ങളും കെഎസ്ഇബി പുറത്തിറക്കിയിട്ടുണ്ട്. വീടുകളിലെ എ സിയുടെ ഊഷ്മാവ് 26 ഡിഗ്രിക്ക് താഴെ പോകാതെ നോക്കണമെന്നാണ് ഇതിലെ പ്രധാന നിർദ്ദേശം. രാത്രി പത്ത് മുതൽ പുലർച്ചെ രണ്ട് വരെ വൻകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃക്രമീകരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.
കൂടാതെ രാത്രി ഒമ്പതിന് ശേഷം അലങ്കാര ദീപങ്ങളും പരസ്യബോർഡുകളും പ്രവർത്തിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ജലവിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റിയുടെ പ്ലംബിംഗ് ഒഴിവാക്കണം, ലിഫ്റ്റ് ഇറിഗേഷന്റെയും ജല അതോറിറ്റിയുടെയും പമ്പിംഗ് രാത്രി ഒഴിവാക്കണമെന്നതടക്കമുള്ള മാർഗനിർദ്ദേശങ്ങളാണ് കെ എസ് ഇ ബി മുന്നോട്ടുവച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൻ്റെ ഭാഗമായി ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത് പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലായിരുന്നു. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ, ഒലവക്കോട്, പൊന്നാനി, പെരിന്തൽമണ്ണ സബ്സ്റ്റേഷനുകളിലാണ് ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്.
അതേസമയം സംസ്ഥാനത്തു വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയിൽ സ്വീകരിക്കേണ്ട നടപടികളുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രി ജെ. ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമായത്. രാവിലെ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ കന്നുകാലികളെ മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.
മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തണം. ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടും മാത്രം കന്നുകാലികളെ നനയ്ക്കുക. കനത്ത ചൂട് മൂലം കന്നുകാലികളിൽ കൂടുതൽ ഉമിനീർ നഷ്ടപ്പെടുന്നതിനാൽ ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
കൃഷിപ്പണിക്ക് ഉപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിൽ കൃഷിപ്പണിക്കായി നിയോഗിക്കരുത്. ഈ സമയത്ത് ചൂട് കൂടി നിൽക്കുന്നതിനാലാണ് ഈ നിയന്ത്രണം. പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരിക, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശത്തിൽ പറയുന്നു.