KSEB Job Trap : കെ.എസ്.ഇ.ബി.യിൽ ജോലി ; രജിട്രേഷൻ ഫീസായി ലക്ഷങ്ങൾ… പുതിയ തട്ടിപ്പു സംഘങ്ങൾ രംഗത്ത്
KSEB Warning : തട്ടിപ്പുകൾ കൂടുകയും പരാതി ഉയരുകയും ചെയ്തതോടെ കെ എസ് ഇ ബി തന്നെ മുന്നറിയിപ്പുമായി രംഗത്ത് വരികയായിരുന്നു.
തിരുവനന്തപുരം: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നത് പുതിയ സംഭവമല്ല. ഇതിൽ പുതിയതാണ് കെ എസ് ഇ ബി യെ കരുവാക്കി അടുത്ത ദിവസങ്ങളിൽ നടന്നിട്ടുള്ളത്. കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്നു വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങളാണ് ഇപ്പോൾ രംഗത്തുള്ളത്.
ഇത്തരം തട്ടിപ്പു വീരന്മാർ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. രജിസ്ട്രേഷൻ ഫീസെന്ന പേരിൽ വൻ തുക ഈടാക്കുന്നതാണ് ഇവരുടെ രീതി. പണം തട്ടിയ ശേഷം പിന്നെ ഇവരെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭിക്കില്ല. ഇവരുടെ തട്ടിപ്പിന് നിരവധി പേർ ഇരയായിട്ടുണ്ട് എന്നാണ് വിവരം.
തട്ടിപ്പുകൾ കൂടുകയും പരാതി ഉയരുകയും ചെയ്തതോടെ കെ എസ് ഇ ബി തന്നെ മുന്നറിയിപ്പുമായി രംഗത്ത് വരികയായിരുന്നു. ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുത് എന്ന മുന്നറിയിപ്പ്. കെ എസ് ഇ ബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിരം നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്.
താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴിയാണ് തുടങ്ങിയ കാര്യങ്ങളാണ് ബോർഡ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.
കുറിപ്പ്
കെ എസ് ഇ ബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പുനടത്തുന്ന വ്യാജ സംഘങ്ങൾ നവമാധ്യമങ്ങളിൽ സജീവം. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി.
നിരവധി പേർ ഈ കെണിയിൽ വീണതായായി അറിയുന്നു.ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരക്കാർ വ്യാജപ്രചാരണം നടത്തുന്നത്. State holding, Electricity council board തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവർ വ്യാജപരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്.
ഇവരുടെ നവമാധ്യമ പേജുകളിൽ കെ എസ് ഇ ബി ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുത്. ജാഗ്രത. കെ എസ് ഇ ബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിരം നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴിയും.