5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Electricity Charge Hikes: ഇനി ബില്ല് കണ്ടാല്‍ ഷോക്കടിക്കും ! സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും

Kerala Electricity Charge Hikes KSEB: 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കാനാണ് റെഗുലേറ്ററി കമ്മീഷന്റെ അടുത്ത നീക്കം. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെഎസ്ഇബി കമ്മീഷനോട് ആവശ്യപ്പെട്ടത്

Kerala Electricity Charge Hikes: ഇനി ബില്ല് കണ്ടാല്‍ ഷോക്കടിക്കും ! സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും
പ്രതീകാത്മക ചിത്രം (Image Credits: Getty Images)
jayadevan-am
Jayadevan AM | Published: 02 Dec 2024 21:00 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി അഭിമുഖീകരിക്കുകയാണെങ്കിലും, നിലവില്‍ വൈദ്യുതി നിയന്ത്രണത്തിന് ആലോചനയില്ലെന്നാണ് വൈദ്യുതി വകുപ്പിന്റെ വിശദീകരണം.

ആഭ്യന്തര ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിയായത്. സംസ്ഥാനം 70 ശതമാനം വൈദ്യുതി പുറത്തു നിന്നാണ് വാങ്ങുന്നത്. വര്‍ധിച്ചു വരുന്ന പ്രവര്‍ത്തന പരിപാലന ചെലവുകളും നിരക്ക് വര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. റെഗുലേറ്ററി കമ്മീഷൻ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷൻ ഉടൻ കെഎസ്ഇബിക്ക് റിപ്പോർട്ട് കൈമാറുമെന്നും മന്ത്രി വിശദീകരിച്ചു.

2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കാനാണ് റെഗുലേറ്ററി കമ്മീഷന്റെ അടുത്ത നീക്കം. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെഎസ്ഇബി കമ്മീഷനോട് ആവശ്യപ്പെട്ടത്. കമ്മീഷന്‍ ചെയര്‍മാന്‍ നാലാം തീയതി തിരുവനന്തപുരത്തെത്തും. ഡിസംബര്‍ അഞ്ചിന് നിരക്ക് വര്‍ധനവുണ്ടാകുമെന്നാണ് സൂചന.

തീവ്രമഴ, ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് വൈദ്യുതി വകുപ്പ്. ശക്തമായ കാറ്റിൽ മരക്കൊമ്പുകള്‍ വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.

പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസരപ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോകുകയോ സ്പര്‍ശിക്കുകയോ ചെയ്യരുതെന്നും, മറ്റാരേയും സമീപത്ത് പോകാന്‍ അനുവദിക്കുകയുമരുതെന്ന് കെഎസ്ഇബി വ്യക്തമാക്കി.

സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക, സര്‍‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേല്‍ക്കാന്‍‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഈ വര്‍‍ഷം ഇതുവരെയുണ്ടായ 296 വൈദ്യുത അപകടങ്ങളില്‍ നിന്നായി 73 പൊതുജനങ്ങള്‍‍ക്കാണ് ജീവന്‍ നഷ്ടമായത്. അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ വിവരം അറിയിക്കണം. വൈദ്യുതി തകരാര്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 94 96 00 1912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്ട്സാപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താം. 1912 എന്ന 24/7 ടോള്‍‍ഫ്രീ കസ്റ്റമര്‍‍കെയര്‍ നമ്പരില്‍ വിളിക്കാം.

Latest News