PC George: പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ പിണറായിക്ക് ആര്‍എസ്എസ് കാര്യാലയത്തിന്റെ അനുമതി വേണം: സന്ദീപ് വാര്യര്‍
Sandeep Varier Against Pinarayi Vijayan on PC George Issue: സിപിഎമ്മിന്റെയും ബിജെപിയുടെയും പൊതു ശത്രുവാണ് കോണ്‍ഗ്രസ്. ഇരുവര്‍ക്കും പാര്‍ട്ടിയെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. ജനം ടിവിയിലൂടെ മുസ്ലിങ്ങളെ മതതീവ്രവാദികളെന്ന് വിളിക്കുകയും പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് പിസി ജോര്‍ജ്. വിഷയത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കാന്‍ തയാറായില്ല.

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെപിസിസി വക്താവ് സന്ദീപ് വാര്യര്‍. മതവിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ പിണറായി വിജയന് ആര്‍എസ്എസിന്റെ അനുമതി വേണണെന്ന് സന്ദീപ് വാര്യര്‍ പരിഹസിച്ചു. സിപിഎമ്മിനും ബിജെപിക്കും കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും സന്ദീപ് ആരോപിച്ചു.
സിപിഎമ്മിന്റെയും ബിജെപിയുടെയും പൊതു ശത്രുവാണ് കോണ്‍ഗ്രസ്. ഇരുവര്‍ക്കും പാര്‍ട്ടിയെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. ജനം ടിവിയിലൂടെ മുസ്ലിങ്ങളെ മതതീവ്രവാദികളെന്ന് വിളിക്കുകയും പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് പിസി ജോര്‍ജ്. വിഷയത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കാന്‍ തയാറായില്ല. പിന്നീട് പൊതുപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കേണ്ടി വരികയായിരുന്നു.
എന്നാല്‍ പിസി ജോര്‍ജിനെ പിണറായി വിജയന്റെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോള്‍ ബിജെപിയുടെ ഭാഗമായ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ പിണറായി വിജയന് ആര്‍എസ്എസിന്റെ കാര്യാലയത്തില്‍ നിന്നുള്ള അനുമതി വേണമെന്ന അവസ്ഥയാണ് കേരളത്തിലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.




കേരളത്തില്‍ വൃത്തിക്കെട്ട രീതിയില്‍ വര്‍ഗീയ പ്രചാരണം നടത്തിയ കേസിലെ പ്രതിയായ പിസി ജോര്‍ജിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ട് പോലും സംസ്ഥാന സര്‍ക്കാര്‍ അറസ്റ്റ് ചെയ്യാന്‍ വിമുഖത കാണിക്കുകയാണ്. ഇതുകൊണ്ടാണ് സിപിഎമ്മും ബിജെപിയും തമ്മില്‍ വ്യത്യാസമില്ലെന്ന് പറയുന്നതെന്നും കെപിസിസി വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ അറസ്റ്റ് വൈകിപ്പിക്കുന്നതിനായി പിസി ജോര്‍ജിന്റെ ശ്രമം. സ്‌റ്റേഷനില്‍ ഹാജരാകുന്നതുമായി ബന്ധപ്പെട്ട് പോലീസ് അയച്ച നോട്ടീസ് പിസി ജോര്‍ജ് ഇതുവരെ കൈപ്പറ്റിയില്ല.
Also Read: P C George: വിദ്വേഷ പരാമര്‍ശം തുടര്‍ക്കഥ; പി.സി. ജോര്‍ജ് അറസ്റ്റിലേക്ക്; 2022 ആവര്‍ത്തിക്കുമോ?
കഴിഞ്ഞ ദിവസം രണ്ട് തവണ പോലീസ് ഈരാറ്റുപേട്ടയിലുള്ള പിസി ജോര്‍ജിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, ഹാജരാകുന്നതിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ട് പിസി ജോര്‍ജ് പോലീസിന് അപേക്ഷ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഹാജരാകാമെന്ന് ചൂണ്ടിക്കാട്ടി പാലാ ഡിവൈഎസ്പിക്കാണ് അപേക്ഷ നല്‍കിയത്.