Crime News: കോഴിക്കോട് പീഡനശ്രമം ചെറുക്കാൻ ലോഡ്ജിൽ നിന്ന് ചാടി; 29കാരി ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ
Woman Injured Resist Assault Attempt: കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കാൻ ലോഡ്ജിൽ നിന്ന് താഴേക്ക് ചാടിയ യുവതിയ്ക്ക് ഗുരുതര പരിക്ക്. ലോഡ്ജ് ജീവനക്കാരിയായ 29 കാരിയാണ് ചികിത്സയിലുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.

കോഴിക്കോട് പീഡനശ്രമം ചെറുക്കാൻ ലോഡ്ജിൽ നിന്ന് താഴേക്ക് ചാടിയ യുവതിയ്ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് മുക്കത്താണ് സംഭവം. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ 29കാരിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മുക്കം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മുക്കത്തെ സ്വകാര്യ ലോഡ്ജ് ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഈ മാസം ഒന്നിന് രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരും ചേർന്നാണ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് യുവതി പോലീസിന് മൊഴിനൽകി. രാത്രി മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരിക്കെ തന്നെ മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പീഡന ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു എന്നുമാണ് യുവതി പോലീസിന് നൽകിയ മൊഴി. വീഴ്ചയിൽ യുവതിയുടെ നട്ടെല്ലിനാണ് പരിക്കേറ്റത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് യുവതി ലോഡ്ജിൽ ജീവനക്കാരിയായി ജോലി ആരംഭിച്ചത്.
കേസിൽ ഹോട്ടൽ ഉടമ ദേവസാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. അതിക്രമിച്ചു കടക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.




തിരുവനന്തപുരത്തെ പോക്സോ കേസ്
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിലായി. തിരുവനന്തപുരം വെടിവെച്ചാൻ കോവിൽ സ്വദേശിയായ സദ്ദാം ഹുസൈൻ (34) ആണ് അറസ്റ്റിലായത്. നാലാഞ്ചിറ മാർ ഇവാനിയോസ് കോളജ് സെക്യൂരിറ്റി ജീവനക്കാരനായ ഇയാളെ കരുനാഗപ്പള്ളിയിൽ നിന്ന് തുമ്പ പോലീസ് പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ഇയാൾക്കെതിരെ മുൻപും പോക്സോ കേസുണ്ടെന്ന് പോലീസ് അറിയിച്ചു.
ജനുവരി 24നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എട്ടാം ക്ലാസിൽ പഠിക്കുന്ന തൻ്റെ അനുജനുമൊത്ത് സ്കൂളിൽ പോകാൻ പള്ളിത്തുറയിൽ വനിൽക്കുകയായിരുന്നു പെൺകുട്ടി. ഈ സമയത്ത് അവിടെയെത്തിയ പ്രതി സ്കൂളിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് കുട്ടികളെ ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റുകയായിരുന്നു. ആദ്യം ഇയാളുടെ ബൈക്കിൽ കയറാൻ കുട്ടികൾ വിസമ്മതിച്ചെങ്കിലും പിതാവിൻ്റെ സുഹൃത്താണെന്ന് കള്ളം പറഞ്ഞ് പ്രതി ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. ഈ നുണ വിശ്വസിച്ച് കുട്ടികൾ ബൈക്കിൽ കയറി. രണ്ട് പേരെയും ഒരുമിച്ച് ബൈക്കിൽ കൊണ്ടുപോയ പ്രതി അനുജനെ സ്കൂളിന് മുന്നിൽ ഇറക്കി. ശേഷം ചോക്ലേറ്റ് വാങ്ങിനൽകാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ തൻ്റെ ബൈക്കിൽ കൊണ്ടുപോയി. പിന്നീട് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടി ബഹളം വയ്ക്കാൻ തുടങ്ങിയതോടെ സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. പിന്നാലെ സ്കൂളിൽ മടങ്ങിയെത്തിയ പെൺകുട്ടിയ്ക്ക് നെഞ്ചിൽ കടുത്ത വേദന അനുഭവപ്പെട്ടു. ഇതേ തുടർന്ന് കുട്ടിയെ സ്കൂൾ അധികൃതർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. തുടർന്ന് കേസെടുത്ത തുമ്പ പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.