5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kozhikode Landslide: കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടൽ; വീടുകൾ തകർന്നു, വൻ നാശനഷ്ടം

Kozhikode Vilangad Landslide: പത്തിലധികം വീടുകളും നിരവധി കടകളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതായാണ് റിപ്പോർട്ട്. ഒരാളെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് നാൽപതിലധികം വീടുകൾ ഒറ്റപ്പെട്ടതായും വിവരമുണ്ട്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Kozhikode Landslide: കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടൽ; വീടുകൾ തകർന്നു, വൻ നാശനഷ്ടം
Kozhikode Landslide.
neethu-vijayan
Neethu Vijayan | Published: 30 Jul 2024 12:30 PM

കോഴിക്കോട് വിലങ്ങാട് മേഖലയിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതായി (Kozhikode Landslide) വിവരം. പത്തിലധികം വീടുകളും നിരവധി കടകളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതായാണ് റിപ്പോർട്ട്. ഒരാളെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് നാൽപതിലധികം വീടുകൾ ഒറ്റപ്പെട്ടതായാണ് വിവരം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതേസമയം വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഇന്ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 44 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. നിലമ്പൂർ പോത്തുകല്ല് ഭാഗത്ത് പുഴയിൽ പലയിടങ്ങളിൽ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്.

രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈ ഭാഗത്തേക്ക് എത്തിപ്പെടാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിൽ. രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം പ്രദേശത്ത് എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് അഭ്യർഥിച്ചിരിക്കുന്നത്. ചെളിയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയതാണ് ദുരന്തമുഖത്ത് നിന്ന് പുറത്തുവന്ന ഏക ആശ്വാസ വാർത്ത.

ALSO READ: വയനാട് ഉരുൾപൊട്ടൽ; മനുഷ്യശരീരം കണ്ടെത്താൻ ദുരന്തഭൂമിയിലേക്ക് മായയും മർഫിയുമെത്തും

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. അതേസമയം ദുരന്തപ്രദേശത്തേയ്ക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയും ഉച്ചയോടെ എത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച പോലീസ് നായ്ക്കളാണ് മായയും മർഫിയും. 30 അടിയിൽ നിന്നുവരെ മനുഷ്യശരീരങ്ങൾ കണ്ടെത്താൻ പരിശീലനം സിദ്ധിച്ച നായ്ക്കളാണ് ഇരുവരും. മുമ്പ് പെട്ടിമുടി ദുരന്തത്തിൽ നിന്ന് എട്ട് മൃതദേഹങ്ങൾ കണ്ടെത്തിയത് മായ എന്ന പൊലീസ് നായയാണ്. നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരങ്ങൾ. അതുകൊണ്ട് തന്നെ പൊലീസ് നായ്ക്കളുടെ സഹായം വേണ്ടിവരുമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. പുഴയുടെ ഇരുകരകളിലും വീടുകളുണ്ടായിരുന്നു. ആ ഭാ​ഗത്തുള്ള വീടുകളെല്ലാം തന്നെ പൂർണമായി ഒലിച്ചു പോയിരിക്കുകയാണ് നിലവിൽ. അങ്ങനെയെങ്കിൽ മണ്ണിനടിയിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടാകാം എന്നാണ് നി​ഗമനം.

വയനാട് ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്തെത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായവും പ്രഖ്യാപിച്ചു.

ചൂരൽമലയിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പറുകൾ

ഡെപ്യൂട്ടി കളക്ടർ- 8547616025

തഹസിൽദാർ വൈത്തിരി – 8547616601

കൽപ്പറ്റ ജോയിൻ്റ് ബിഡിഒ ഓഫീസ് – 9961289892

അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ – 9383405093

അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ – 9497920271

വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ – 9447350688