Kozhikode Rain: കോഴിക്കോട് ഉരുൾപൊട്ടിയ പ്രദേശത്ത് വീണ്ടും ശക്തമായ മഴ; ഗതാഗതം തടസപ്പെട്ടു, നിരവധി കുടുംബങ്ങളെ മാറ്റി
Kozhikode Rain Today: ജൂലായ് 30-നാണ് വിലങ്ങാട് വലിയ ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിൽ 18 കുടുംബങ്ങൾക്കാണ് അവരുടെ വീടുകൾ പൂർണമായും നഷ്ടപ്പെട്ടത്. 80-ഓളം വീടുകൾക്ക് ഭാഗികമായി കേടുപാടുകളും സംഭവിച്ചു. നിലവിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.
കോഴിക്കോട്: ഉരുൾപൊട്ടൽ ഭീതിയൊഴിയാതെ കോഴിക്കോട് വിലങ്ങാട്. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ വിലങ്ങാട് വീണ്ടും അതിശക്തമായ മഴ (Kozhikode Rain) തുടരുന്നതായി റിപ്പോർട്ട്. ഇതേ തുടർന്ന് മഞ്ഞച്ചീളിയിൽ നിരവധി കുടുംബങ്ങളെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. പാരിഷ് ഹാളിലേക്കും വിലങ്ങാട് സെന്റ് ജോർജ് സ്‌കൂളിലേക്കുമാണ് കുടുംബങ്ങളെ മാറ്റിയിരിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് മേഖലയിൽ ഭീതിയുയർത്തി ശക്തമായ മഴ ആരംഭിച്ചത്.
മഴയിൽ വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായതായാണ് റിപ്പോർട്ട്. അതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി തടസ്സപ്പെട്ടു. വനത്തിനുള്ളിലും ശക്തമായ മഴ പെയ്യുന്നുണ്ടെന്നാണ് വിവരം. ജൂലായ് 30-നാണ് വിലങ്ങാട് വലിയ ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിൽ 18 കുടുംബങ്ങൾക്കാണ് അവരുടെ വീടുകൾ പൂർണമായും നഷ്ടപ്പെട്ടത്. 80-ഓളം വീടുകൾക്ക് ഭാഗികമായി കേടുപാടുകളും സംഭവിച്ചു. ദുരന്തത്തിൽ മഞ്ഞച്ചീളി സ്വദേശിയും മുൻ അധ്യാപകനുമായ കുളത്തിങ്കൽ മാത്യു മരിച്ചിരുന്നു. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ALSO READ: വയനാട് ദുരന്തം; കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും
പാലത്തിന്റെ ബലം പരിശോധിച്ചശേഷമേ വാഹനങ്ങൾ അതുവഴി കടത്തിവിടുകയുള്ളൂ. നിലവിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും പഞ്ചായത്ത് അംഗം പറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞപ്പോഴാണ് പ്രദേശത്തുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. ആകെ 20 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ളത്. നേരത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ ക്യാമ്പിലേക്ക് മാറ്റിയവരും ഇകൂട്ടത്തിലുണ്ട്.