Lakshmi Radhakrishnan Death; ‘ലക്ഷ്‌മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ല’; ദുരൂഹത ആരോപിച്ച് കുടുബം; ആർക്കും പങ്കില്ലെന്ന് ആത്മഹത്യക്കുറിപ്പ്
Kozhikode Nursing Student Lakshmi Radhakrishnan Death: ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്ന് ബന്ധു ഹരിപ്രസാദ് പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് നാട്ടിൽ നിന്നും മടങ്ങിയതെന്നും ഹരിപ്രസാദ് പറഞ്ഞു. മരിക്കുന്നതിന് തലേദിവസം വരെ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശൂപത്രിയിലെ രണ്ടാം വർഷ നഴസിങ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കോട്ടയം സ്വദേശിനി ലക്ഷ്മി (20) യാണ് കഴിഞ്ഞ ദിവസം ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്ന് കുടുംബം വ്യക്തമാക്കി. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്ന് ബന്ധു ഹരിപ്രസാദ് പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് നാട്ടിൽ നിന്നും മടങ്ങിയതെന്നും ഹരിപ്രസാദ് പറഞ്ഞു. മരിക്കുന്നതിന് തലേദിവസം വരെ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് ലക്ഷ്മി ഒടുവിൽ കോട്ടയത്തെ വീട്ടിലെത്തിയത്. മരണത്തിന് ആരും കാരണക്കാരല്ല എന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ ലക്ഷ്മിയുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി പരിശോധിക്കുകയാണ്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിട്ടുള്ളത്. അതേസമയം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിനു ശേഷം നഴ്സിങ് കോളജിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. തുടർന്ന് ലക്ഷ്മിയുടെ കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
കോട്ടയം കിടങ്ങൂർ സ്വദേശിയായ ലക്ഷ്‌മിയെ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ഇന്നലെ ലക്ഷ്മി ക്ലാസിലും പോയിരുന്നില്ല. അസുഖമായതിനാൽ അവധിയെടുക്കുന്നുവെന്നാണ് ലക്ഷ്മി സുഹൃത്തുക്കളെ അറിയിച്ചത്. 11 മണിയോടെ മുറി വൃത്തിയാക്കാൻ ആൾ വന്നപ്പോൾ വാതിൽ തുറന്നില്ല. തുടർന്നു വാതിൽ തകർത്ത് മുറിയിൽ പ്രവേശിച്ചപ്പോഴാണ് ഫാനിൽ ഷാൾകെട്ടി തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. രാത്രി വൈകിയാണ് ലക്ഷ്‌മിയുടെ ബന്ധുക്കൾ കോട്ടയത്ത് നിന്നും കോഴിക്കോട്ടേക്ക് എത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിന് പിൻവശത്തുള്ള കെഎം കൃഷ്‌ണൻകുട്ടി റോഡിലെ ബക്കർ വില്ല എന്ന ഹോസ്റ്റലിലാണ് ലക്ഷ്‌മി രാധാകൃഷ്‌ണൻ താമസിച്ചിരുന്നത്.
( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056 )