Kozhikode Mukkam Assault Case: ‘നിനക്കുള്ള ആദ്യ ഡോസാണിത്’; ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹോട്ടലുടമ ദേവദാസിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്
Kozhikode Mukkam Assault Case: ജീവനക്കാരിയായ യുവതിയോട് ഇയാൾ മോശമായി പെരുമാറിയെന്നും ലൈംഗിക താൽപര്യങ്ങളും ശരീര വർണനയും നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് കുടുംബം പുറത്തുവിട്ടത്. ഇത് പറഞ്ഞുകൊണ്ടുള്ള വാട്സാപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് കുടുംബം പങ്കുവെച്ചത്.

കോഴിക്കോട്: മുക്കം മാമ്പറ്റയിലെ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കുടുംബം. ജീവനക്കാരിയായ യുവതിയോട് ഇയാൾ മോശമായി പെരുമാറിയെന്നും ലൈംഗിക താൽപര്യങ്ങളും ശരീര വർണനയും നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് കുടുംബം പുറത്തുവിട്ടത്. ഇത് പറഞ്ഞുകൊണ്ടുള്ള വാട്സാപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് കുടുംബം പങ്കുവെച്ചത്.
വാട്‌സാപ്പിലൂടെയാണ് ദേവദാസ് യുവതിയോട് ആദ്യം മോശമായി പെരുമാറിയത്. ഇതോടെ ഹോട്ടലിലെ ജോലി അവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചു. എന്നാല്‍, ഇനി ഇങ്ങനെ പെരുമാറില്ലെന്ന് പറഞ്ഞ് ദേവദാസ് യുവതിയോട് ജോലിയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമാക്കുന്നതാണ് കുടുംബം പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടുകള്‍. ഈ സംഭവത്തിനുശേഷമാണ് പ്രതി യുവതി താമസിക്കുന്ന സ്ഥലത്തെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും കുടുംബം പറയുന്നു.
Also Read:പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി; തെളിവായി വീഡിയോ ദൃശ്യങ്ങൾ
എന്നാൽ പിന്നെയും പലവട്ടം ഇയാളിൽ നിന്ന് യുവതിക്ക് മോശമായി അനുഭവം ഉണ്ടായി എന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. കടമായി നൽകിയ പണം തിരിച്ചയക്കരുതെന്നും ഇയാൾ യുവതിയോട് പറഞ്ഞിരുന്നു. ‘നീ സങ്കേതത്തിലെ മാലാഖ’ ആണെന്നും വാട്സാപ്പ് സന്ദേശത്തിലുണ്ട്. യുവതിയുടെ ശരീരഭാഗങ്ങളെക്കുറിച്ചും ഇയാൾ വർണനകൾ നടത്തുന്നുണ്ട്. ലൈംഗിക താൽപര്യങ്ങളോട് കൂടിയും സന്ദേശങ്ങളും അയച്ചിരുന്നു. എന്നാൽ ഇനി ഇത്തരത്തിൽ ഉണ്ടാവരുതെന്ന് യുവതി ആവർത്തിച്ച് ആവശ്യപ്പെടുന്നതും പുറത്ത് വിട്ട് വാട്സാപ്പ് സന്ദേശങ്ങളിൽ വ്യക്തമാണ്.
ഇയാളിൽ നിന്ന് ശല്യം ആവർത്തിച്ചതോടെ ഇക്കാര്യം ഭാര്യയെ അറിയിക്കുമെന്ന് യുവതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് യുവതിയെ ഭീഷണിയുമായി ദേവദാസും ജീവനക്കാരും താമസസ്ഥലത്ത് എത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇത് ചെറുക്കുന്നതിനിടെയാണ് യുവതി ഒന്നാം നിലയിൽ നിന്ന് ചാടിയത്. വീഴ്ചയിൽ യുവതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആശുപത്രിയിലായ ശേഷവും ഇയാൾ യുവിക്ക് ഭീഷണി സന്ദേശം അയച്ചിരുന്നു. ‘നിനക്കുള്ള ആദ്യ ഡോസാണിത്’ എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.
സംഭവത്തിനു ശേഷം ഒളിവിൽ പോകുന്നതിനിടെയാണ് ദേവദാസ് പിടിയിലായത്. ദേവദാസിന്റെ കൂട്ടാളികളായ രണ്ട് ജീവനക്കാർ കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നിന്ന് കെഎസ്ആർടിസി ബസ്സിൽ എറണാകുളത്തേക്കുള്ള യാത്രാമധ്യേ കുന്ദംകുളത്തുനിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. സുരേഷ്, റിയാസ് എന്നിവരാണ് താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്.