മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; അതിജീവിത വീണ്ടും സമരത്തിലേക്ക്
ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവൻ രേഖപ്പടുത്തിയില്ലെന്നും അതിജീവിത നൽകിയ പരാതിയിൽ പറയുന്നു.
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്. അതിജീവിതയുടെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതിക്കെതിരായ പരാതിയിലെ അന്വേഷണ പുരോഗതി അറിയാൻ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുമായി കൂടിക്കാഴ്ച നടത്തി. ഡോ. പ്രീതി കൃത്യമായ മൊഴി രേഖപ്പെടുത്തിയില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ലെന്നുമായിരുന്നു അതിജീവിത പരാതിയിൽ പറയുന്നത്.
ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവൻ രേഖപ്പടുത്തിയില്ലെന്നും അതിജീവിത നൽകിയ പരാതിയിൽ പറയുന്നു. ശരീരത്തിൽ കണ്ട മുറിവുകൾ രേഖപ്പെടുത്താൻ നഴ്സുമാർ പറഞ്ഞപ്പോൾ ഡോക്ടർ അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നും പരാതിയിൽ പറയുന്നു. പ്രീതിക്കെതിരെ നിയമ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
ഈ പരാതിയിൽ രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് കിട്ടണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഇല്ലെങ്കിൽ കമ്മിഷണറുടെ ഓഫീസിന് മുന്നിൽ സമരം തുടങ്ങുമെന്നും അവർ പറഞ്ഞു. തിങ്കളാഴ്ച കമ്മിഷണറെ കാണാനെത്തിയ അതിജീവിതയെ കമ്മിഷണർ ഓഫീസിന് മുന്നിൽ തടഞ്ഞിരുന്നു. ഇതിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ന് പരാതി നൽകും. നീതി ഉറപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമില്ലെന്നും അതിജീവിത പറഞ്ഞു.