Kozhikode medical college issue: ചികിത്സാപിഴവ് ഉണ്ടായെന്ന ആരോപണം അടിസ്ഥാനരഹിതം; അസ്ഥിരോഗവിഭാഗം മേധാവി
വസ്തുതകൾ അറിയാതെ മെഡിക്കൽ കോളേജിനെ മോശമായി ചിത്രീകരിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ ആരോപണങ്ങൾ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അസ്ഥിരോഗവിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു.
ഇത്തരം ഒടിവുമായെത്തുന്ന രോഗികൾക്ക് നൽകുന്ന സ്റ്റാൻഡേർഡ് ചികിത്സയും സർജറിയുമാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കൈയിലെ മുട്ടിന് താഴെ ഒടിവുണ്ടായതിനാൽ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇടുകയാണ് ചെയ്തതെന്നും ജേക്കബ് മാത്യു പറഞ്ഞു.
ഈ ഒടിവിന് താഴെയുള്ള ജോയിൻ്റ് ഇളകിയതിനാൽ അത് ഉറപ്പിക്കാനായി മറ്റൊരു കമ്പി കൂടി ഇട്ടു. തൊലിപ്പുറത്തുനിന്ന് എല്ലിനോട് ചേർന്നാണ് താൽക്കാലികമായി നാല് ആഴ്ചയ്ക്ക് വേണ്ടി ഈ കമ്പി ഇട്ടത്. ഈ കമ്പി പിന്നീട് മാറ്റും. ആദ്യമിട്ട പ്ലേറ്റ് അവിടെ തുടരും. അല്ലാതെ കമ്പി മാറിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റു രോഗികൾക്കും സാധാരണ എങ്ങനെയാണോ ചികിത്സ നൽകുന്നത് അതാണ് ഈ രോഗിയ്ക്കും നൽകിയത്. ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞു. ഈ മാസം തന്നെ ഇതേ മെഡിക്കൽ കോളേജിൽ ഇത്തരത്തിലുള്ള ഒടിവിനുള്ള ശസ്ത്രക്രിയകൾ നടത്തിയ മറ്റു രോഗികളുടെ എക്സ്റേകളും ഇതിന് തെളിവാണെന്നും മാത്യു പറഞ്ഞു.
വസ്തുതകൾ അറിയാതെ മെഡിക്കൽ കോളേജിനെ മോശമായി ചിത്രീകരിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ ആരോപണങ്ങൾ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കോതിപ്പാലം സ്വദേശി അജിത്തിന്റെ ശസ്ത്രക്രിയ മാറിചെയ്തുവെന്നായിരുന്നു പരാതിയുയർന്നത്.
കൈക്ക് പൊട്ടലിനുള്ള ശസ്ത്രക്രിയക്കിടെ കമ്പി മാറിയിട്ടുവെന്നാണ് ആരോപണം. ബൈക്ക് അപകടത്തെത്തുടർന്ന് അജിത്തിന്റെ കൈക്ക് പൊട്ടലുണ്ടായിരുന്നു. തുടർന്നായിരുന്നു ശസ്ത്രക്രിയ. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.
കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയതായി കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു. മെയ് 16-ാം തീയതി രാവിലെ ശസ്ത്രക്രിയയ്ക്കെത്തിയെ കുട്ടിയിലാണ് അവയവം മാറി സർജറി ചെയ്തത്.
കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശികളുടെ നാല് വയസുകാരിയായ പെൺകുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മെഡിക്കൽ കോളേജിൽ മാതൃ ശിശു സംരക്ഷണ വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയതാണ് നാല് വയസുകാരി.
അതേസമയം നാവിൽ ശസ്ത്രക്രിയ നടത്തിയത് കൊണ്ടു കുട്ടിക്ക് മറ്റ് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പറയുന്നത്. സമാനമായ പേരുള്ള രണ്ട് രോഗികൾ വന്നതുകൊണ്ടാണ് അവയവം മാറി ശസ്ത്രക്രിയ നടന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്ത് വന്ന കുട്ടിയുടെ നാവിൽ പഞ്ഞിയും സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നിയപ്പോഴാണ് മാതാപിതാക്കൾക്ക് സംശയം തോന്നിയത്. നീക്കം ചെയ്യേണ്ട ആറാം വിരൽ കൈയ്യിൽ അതുപോലെ തന്നെയുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
സംഭവം ചോദ്യം ചെയ്തപ്പോൾ ഡോക്ടർ പുറത്തേക്ക് വന്ന് കുടുംബത്തോട് മാപ്പ് പറയുകയും ചെയ്തു. തുടർന്ന് മറ്റൊരു ശസ്ത്രക്രിയ നടത്തിയാണ് ആറാ വിരൽ നീക്കം ചെയ്തത്.