5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kozhikode Harthal: കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്ത് കോൺഗ്രസ്

Harthal In Kozhikode: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അതിക്രമം ഉണ്ടായെന്നും പിന്നിൽ സിപിഎം ആണെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു.

Kozhikode Harthal: കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്ത് കോൺഗ്രസ്
Representational Image: (Image Credits: PTI)
athira-ajithkumar
Athira CA | Published: 16 Nov 2024 19:22 PM

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് ജില്ലയിൽ നാളെ ഹർത്താൽ. കോൺ​ഗ്രസാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിയിലും സിപിഎം അതിക്രമത്തിലും പ്രതിഷേധിച്ചാണ് ഹർത്താൽ. നവംബർ 17 ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി ഉൾപ്പെടെയുള്ള അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റ്‌ പ്രവീൺ, എംകെ രാഘവൻ എംപി എന്നിവരാണ് കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ ആയിരിക്കുമെന്ന് അറിയിച്ചത്.

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അതിക്രമം ഉണ്ടായെന്നും പിന്നിൽ സിപിഎം ആണെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. സിപിഎം 5000-ത്തോളം കള്ളവോട്ടാണ് തെരഞ്ഞെടുപ്പിൽ ചെയ്തത്. 10000-ത്തോളം കോൺ​ഗ്രസ് അനുനായികളെ വോട്ട് രേഖപ്പെടുത്താൻ സിപിഎം അനുവദിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു. സിപിഎം അതിക്രമത്തിന് കൂട്ടുനിന്നത് പൊലീസാണ്. സഹായം അഭ്യർത്ഥിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ചപ്പോൾ അദ്ദേഹം ഫോൺ എടുക്കാൻ തയ്യാറായില്ല.

സിപിഎം ആക്രമണത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കുപറ്റി. വനിത വോട്ടർമാരെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു. പുലർച്ചെ 4 മണിയോടെയാണ് വോട്ടർമാരല്ലാത്ത സിപിഎം പ്രവർത്തകർ പോളിം​ഗ് നടക്കുന്നിടത്തേക്ക് എത്തിയത്. ഇവരിൽ പലരുടെയും പക്കൽ വ്യാജ ഐഡികാർഡുകൾ ഉണ്ടായിരുന്നു. കൂടുതൽ ഫോഴ്സിനെ അയക്കാമെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞതല്ലാതെ ഇടപെട്ടില്ലെന്നും സിപിഎം നടത്തിയത് കണ്ണൂർ മോഡൽ ആക്രമണമാണെന്നും നേതാക്കൾ പറഞ്ഞു. പൊലീസിനും സഹകരണ വകുപ്പിനുമെതിരെ കോടതിയെ സമീപിക്കുമെന്നും ചേവായൂർ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കള്ളവോട്ടുള്ളതിനാൽ ജയവും തോൽവിയും നോക്കാതെ തെരഞ്ഞെടുപ്പു റദ്ദാക്കണം എന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.

ഇന്ന് രാവിലെയാണ് കോഴിക്കോട് ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം ഉടലെടുത്ത്. രാവിലെ എട്ടുമണിക്ക് പോളിം​ഗ് ആരംഭിച്ചതിന് പിന്നാലെ തന്നെ കോൺഗ്രസും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിൽ കള്ളവോട്ടിനെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയിരുന്നു. വോട്ടർമാരുമായി എത്തിയ നേരെ വിവിധ സ്ഥലങ്ങളിൽ ആക്രമണം ഉണ്ടായി. കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും അതിക്രമം ഉടലെടുത്തു. അതേസമയം, കള്ളവോട്ടിന് നേതൃത്വം നൽകിയത് കോൺ​ഗ്രസ് ആണെന്ന ആരോപണവുമായി സിപിഎം രം​ഗത്തെത്തി.