Kottayam Nursing College Ragging Case: ‘കൊടും ക്രൂരത, ഫോണിലെ ദൃശ്യങ്ങൾ പ്രധാന തെളിവ്’; നഴ്സിംഗ് കോളേജ് റാഗിംഗ് കേസിൽ കുറ്റപത്രം സമർപ്പിച്ചു
Kottayam Nursing College Ragging Case: ഗാന്ധിനഗർ എസ്എച്ച്ഒ ടി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസിൽ 40 സാക്ഷികളും 32 രേഖകളുമാണ് ഉള്ളത്. കോളേജ് അധികൃതർക്കോ ഹോസ്റ്റൽ വാർഡനോ സംഭവങ്ങളൊന്നുമറിയില്ലായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

കേരള മനസാക്ഷിയെ ഒന്നടക്കം ഞെട്ടിച്ച നഴ്സിംഗ് കോളേജ് റാഗിങ് കേസിൽ കുറ്റപത്രം സമർപ്പിച്ചു. നടന്നത് കൊടും ക്രൂരതയാണെന്നും പ്രതികൾ ഇരയാക്കപ്പെട്ട വിദ്യാർഥികളെ നാല് മാസത്തിലധികം തുടർച്ചയായി പീഡിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതികളായ വിദ്യാർഥികൾ ലഹരിക്ക് അടിമയായിരുന്നു. ജൂനിയർ വിദ്യാർഥികളെ ഉപദ്രിവിച്ചാണ് ആനന്ദം കണ്ടെത്തിയിരുന്നത്. റാഗിങ്ങിനെ കുറിച്ച് പുറത്ത് പറയാതിരിക്കാൻ പ്രതികൾ ഇരകളെ ഭീഷണിപ്പെടുത്തിയതായും കുറ്റപത്രത്തിൽ പറയുന്നു. പ്രതികളായ വിദ്യാർത്ഥികളുടെ കൈവശം മാരക ആയുധങ്ങൾ ഉണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം നഴ്സിംഗ് കോളേജ് ഹോസ്റ്റലിലാണ് ക്രൂരമായ റാഗിങ്ങ് നടന്നത്. കഴിഞ്ഞ നവംബറിൽ തുടങ്ങിയ ക്രൂരത ഫെബ്രുവരിയിലാണ് പുറത്തറിഞ്ഞത്. ഫെബ്രുവരി 11ന് പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്നാം വർഷ വിദ്യാർഥികളായ കെ പി രാഹുൽരാജ്, റിജിൽ ജിത്ത്, സാമുവൽ ജോൺസൺ, എൻ. വി. വിവേക്, എൻ എസ് ജീവ എന്നീ അഞ്ച് പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. പ്രതികൾ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് കേസിലെ പ്രധാന തെളിവ്.
ഗാന്ധിനഗർ എസ്എച്ച്ഒ ടി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസിൽ 40 സാക്ഷികളും 32 രേഖകളുമാണ് ഉള്ളത്. കോളേജ് അധികൃതർക്കോ ഹോസ്റ്റൽ വാർഡനോ സംഭവങ്ങളൊന്നുമറിയില്ലായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. അതേസമയം, വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ഇരകളായവരും അവരുടെ കുടുംബങ്ങളും ആവശ്യപ്പെട്ടു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ അഞ്ച് പ്രതികളും അറസ്റ്റിലായത് മുതൽ ജയിലിലാണ്.