Kottayam Ragging: കോട്ടയം റാഗിങ്ങ് കേസ്; കോളജ് അധികൃതർക്കു സംഭവിച്ചത് വൻ വീഴ്ച, ആന്റി റാഗിങ് കമ്മിറ്റി യോഗം കൂടിയില്ല, സിസി ടിവി പരിശോധിക്കാറില്ല
Kottayam Nursing College Ragging Case: ആന്റി റാഗിങ് കമ്മിറ്റി യോഗം മാസം തോറും കൂടണം എന്നതാണ് നിയമം. 2024 ഒക്ടോബർ 15ന് ശേഷം ആന്റി റാഗിങ് കമ്മിറ്റി കൂടിയത് ഫെബ്രുവരി 11 നാണ്. അതും അതിക്രൂരമായ റാഗിങ്ങ് നടന്ന വിവരം പുറത്തുവന്നതിന് ശേഷം.

കോട്ടയം: റാഗിങ് തടയുന്നതിൽ കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് അധികൃതർക്ക് സംഭവിച്ചത് വൻ വീഴ്ച. നഴ്‌സിംഗ് കോളേജിലെ റാഗിങ്ങ് സംഭവം അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിആംഇ) രൂപീകരിച്ച കമ്മിറ്റി ആന്റി റാങ്കിങ് കമ്മിറ്റി, ആന്റി റാഗിങ് സ്‌ക്വാഡ് എന്നിവയുടെ നടത്തിപ്പിൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി കണ്ടെത്തി.
കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സുലേഖ എടി, ഹോസ്റ്റലിലെ അസിസ്റ്റന്റ് വാർഡന്റെ ചുമതല വഹിച്ചിരുന്ന അസിസ്റ്റന്റ് പ്രൊഫ. അജീഷ് പി മണി എന്നിവരെ സസ്‌പെൻഡ് ചെയ്തുകൊണ്ട് പുറത്തിറക്കിയ ഉത്തരവിൽ അന്വേഷണത്തിലെ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഹോസ്റ്റലിലെ ഹൗസ് കീപ്പറെയും സുരക്ഷാ ജീവനക്കാരെയും നീക്കം ചെയ്തിട്ടുണ്ട്.
ആന്റി റാഗിങ് കമ്മിറ്റി യോഗം മാസം തോറും കൂടണം എന്നതാണ് നിയമം. 2024 ഒക്ടോബർ 15ന് ശേഷം കോളേജിൽ ആന്റി റാഗിങ് കമ്മിറ്റി കൂടിയത് ഫെബ്രുവരി 11 നാണ്. അതും അതിക്രൂരമായ റാഗിങ്ങ് നടന്ന വിവരം പുറത്തുവന്നതിന് ശേഷം. എന്നാൽ മൂന്ന് മാസം കൂടുമ്പോൾ കമ്മിറ്റി കൂടാറുണ്ടെന്നായിരുന്നു കോളേജ് പ്രിൻസിപ്പൽ പൊലീസിന് നൽകിയ മൊഴി.
ALSO READ: ‘ശരത്‌ലാലിനും കൃപേഷിനും സ്മാരകം പണിയാൻ 25 ലക്ഷം രൂപ നൽകും’; പ്രഖ്യാപനവുമായി കർണാടക കോൺഗ്രസ്
ആന്റി റാഗിങ്ങ് കമ്മിറ്റിയിലെ അംഗങ്ങളായ മാധ്യമപ്രവർത്തകനെയും പൊതുപ്രവർത്തകയെയും കോളേജ് അധികൃതർ യോഗങ്ങളിൽ ഒന്നും തന്നെ പങ്കെടുപ്പിച്ചിരുന്നില്ല. ഇതിനായി പറഞ്ഞ ന്യായം ഇവരുടെ ഫോൺ നമ്പർ ഇല്ലെന്നതായിരുന്നു. എന്നാൽ കോളേജിന്റെ രേഖകളിൽ ഇവരുടെ ഫോൺ നമ്പർ ഉണ്ട്. റാഗിങ്ങ് നടന്ന ഹോസ്റ്റലിന്റെ വാർഡൻ കോളേജ് പ്രിൻസിപ്പലാണ്. കോളേജിലെ അധ്യാപകനാണ് അസിസ്റ്റന്റ് വാർഡൻ ചുമതല നൽകിയിരുന്നത്. എന്നാൽ അദ്ദേഹം ഹോസ്റ്റലിൽ താമസിച്ചിരുന്നില്ല. സെക്യൂരിറ്റി കം ഹൗസ് കീപ്പർ മാത്രമാണ് രാത്രി ഹോസ്റ്റലിൽ താമസിച്ചിരുന്നത്.
ഹോസ്റ്റലിന്റെ താഴത്തെ നിലയിലാണ് ഒന്നാം വർഷ വിദ്യാർത്ഥികൾ താമസിച്ചിരുന്നത്. അവിടെ നിന്ന് മുകളിലത്തെ നിലയിലേക്ക് വിളിച്ചുവരുത്തിയാണ് സീനിയേഴ്സ് റാഗ് ചെയ്തത്. മുകളിലത്തെ നിലയിൽ ഇവർ ഉച്ചത്തിൽ പാട്ടു വയ്ക്കുകയും പാട്ട് പാടുകയും റാഗിങ്ങിന് ഇരയായ വിദ്യാർത്ഥികൾ അലറി വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ ശബ്ദമൊന്നും കേട്ടില്ലെന്നാണ് ഹൗസ് കീപ്പർ പൊലീസിന് നൽകിയ മൊഴി.
സംഭവത്തിൽ ഹൗസ് കീപ്പറോട് വിശദീകരണം തേടാനോ, നടപടി എടുക്കാനോ കോളേജ് അധികൃതർ തയ്യാറായിട്ടില്ല. ഹോസ്റ്റലിൽ സിസിടിവി ഉണ്ടെങ്കിലും അതാരും പരിശോധിക്കാറില്ല. രാത്രി ഒമ്പത് മണി വരെയാണ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം. എന്നാൽ അതിന് ശേഷവും സീനിയർ വിദ്യാർഥികൾ ഹോസ്റ്റലിൽ വന്നിരുന്നു എന്നാണ് പൊലീസിന് ലഭിച്ച സൂചന.