Kottayam Lok Sabha Election Result 2024: ചാഴിക്കാടനെ വ്യക്തി ബന്ധങ്ങൾ തുണച്ചില്ല: ഫ്രാൻസിസിലൂടെ കോട്ടയം കോട്ട യുഡിഎഫിനു സ്വന്തം
K Francis george at Kottayam: ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാൻ പിറവത്ത് പിടിയും പോത്തും വിളമ്പി എതിർ സ്ഥാനാർഥിയുടെ പാർട്ടിക്കാർ ശ്രദ്ധപിടിച്ചു പറ്റി.
കോട്ടയം: കോട്ടയത്ത് 87266 വോട്ടിന് വോട്ടിനു പിടിച്ചെടുത്ത് ഫ്രാൻസിസ് ജോർജ്. കോട്ടയത്തെ വിജയം അഭിമാനപ്രശ്നമായിരുന്നു എന്ന് വിജയത്തെ തുടർന്ന് ഫ്രാൻസിസ് പ്രതികരിച്ചു. യു.ഡി.എഫിൻ്റെ ഉറച്ച കോട്ടയായ കോട്ടയത്തെ സിറ്റിങ് എംപി തോമസ് ചാഴികാനെ വെട്ടിയാണ് ഫ്രാൻസിസ് വിജയിച്ചത്. കേരളാ കോൺഗ്രസുകാർ തമ്മിലുള്ള മത്സരം എന്നപേരിൽ ശ്രദ്ധിക്കപ്പെട്ടിരുന്ന ഇവിടെ ചാഴിക്കാടനെ തുണച്ചിരുന്ന വ്യക്തിബന്ധങ്ങൾ രക്ഷിച്ചില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്നു ചാഴിക്കാടൻ. എന്നാൽ ഇത്തവണ ചുവടുമാറി ഇടതിലാണ് നിലയുറപ്പിച്ചിരുന്നത്. മധ്യതിരുവിതാംകൂറിലെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാണ് ഇന്ന് കേരള കോൺഗ്രസ്. പാർട്ടി ചിഹ്നം സംബന്ധിച്ച് എല്ലാ തിരഞ്ഞെടുപ്പിലുമെന്ന പോലെ ഇത്തവണയും പ്രശ്നമുണ്ട്.
കേരള കോൺഗ്രസ് (എ) ന്റെ ചിഹ്നമായ രണ്ടിലയിൽ തന്നെ ചാഴികാടൻ മത്സരിക്കുമ്പോൾ തന്നെ ഇത് ബാധിക്കില്ലെന്ന മട്ടിലാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജ് മുന്നോട്ടു പോയത്. യു ഡി എഫിന്റെ പ്രധാന അജണ്ട രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെന്നും ഭരണഘടനാ സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു.
വോട്ടെടുപ്പിന്റെ അന്തിമ കണക്കിൽ 65.61% ആണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 75.47 ശതമാനമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗവും അനിൽ ആൻ്റണിയുടെ ബി.ജെ.പി പ്രവേശവും മുന്നണി മാറ്റവും പിന്നെ സ്ഥിരം വിഷയങ്ങളായ റബറും എല്ലാം കൂടി ചേർന്ന് പ്രവചനാതീതമായിരുന്നു ഇവിടെ വിജയപരാജയങ്ങൾ.
രാഹുൽ ഗാന്ധി അടക്കമെത്തിയുള്ള ദേശീയ നേതാക്കളുടെ പ്രചാരണം ഫ്രാൻസിസിനെ തുണച്ചെന്നു വേണം കരുതാൻ. എന്നാൽ ചിഹ്നം ലഭിക്കാൻ താമസിച്ചതും പ്രശ്നമാകുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല.
വിജയ സാധ്യത കണ്ട് പിടിയും പോത്തും വിളമ്പി
ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ പിറവം ബസ് സ്റ്റാൻഡിനു സമീപം തയാറാക്കിയിട്ടുള്ള പന്തലിൽ 2000 പേർക്ക് പോത്തുകറിയും പിടിയും വിളമ്പുമെന്നായിരുന്നു ജനകീയ കൂട്ടായ്മ പ്രഖ്യാപിച്ചിരുന്നു. ഇതിനു ചെലവാകുന്ന 3 ലക്ഷം രൂപയോളം പിരിച്ചെടുക്കുമെന്നും അന്ന് പറഞ്ഞു.
ഇതനുസരിച്ച് ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാൻ പിറവത്ത് പിടിയും പോത്തും വിളമ്പി എതിർ സ്ഥാനാർഥിയുടെ പാർട്ടിക്കാർ ശ്രദ്ധപിടിച്ചു പറ്റി. ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം വർധിച്ചതോടെയാണ് പിറവം ബസ് സ്റ്റാൻഡ് പരിസരത്ത് 2000 പേർക്ക് പോത്തിൻകറിയും പിടിയും വിളമ്പിയത്.