Ettumanoor Mother Daughters Death: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും മരിച്ച സംഭവം: ഷൈനിയുടെ ഭർത്താവ് കസ്റ്റഡിയിൽ
Kottayam Ettumanoor Mother Daughters Death: പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞാണ് ഷൈനി പെൺമക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. കഴിഞ്ഞ 9 മാസമായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയാണ് ഷൈനിയും രണ്ട് പെൺമക്കളും.

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും (Mother and Daughters death) ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നോബി പോലീസ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി കുര്യാക്കോസിൻ്റെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് ആത്മഹത്യ ചെയ്തത്. നോബിക്കെതിരെ നേരത്തെ തന്നെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. ഏറ്റുമാനൂർ പോലീസാണ് നോബിയെ കസ്റ്റഡിയിൽ എടുത്തത്.
കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസിന് മുന്നിൽ ചാടിയാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ആത്മഹത്യ ചെയ്തത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തു വച്ചായിരുന്നു സംഭവം. പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞാണ് ഷൈനി പെൺമക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. കഴിഞ്ഞ 9 മാസമായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയാണ് ഷൈനിയും രണ്ട് പെൺമക്കളും.
ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഷൈനിയും നോബിയും തമ്മിലുള്ള ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. കുടുംബപരമായ പ്രശ്നങ്ങളും, ബിഎസ്സി നേഴ്സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ സമ്മർദ്ദത്തവും ഷൈനിയെ മാനസികമായി തളർത്തിയിരുന്നു. മരിച്ച അലീനയ്ക്ക് 11 വയസ്സും ഇവാനയ്ക്ക് 10 വയസും മാത്രമാണ് പ്രായം. നോബിയും ഷൈനിയും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും പോലീസ് നേരത്തെ പറഞ്ഞിരുന്നു. നോബി വിദേശത്താണ് ജോലി ചെയ്യുന്നത്.
ഭർത്താവുമായി പിരിഞ്ഞ ശേഷവും ജോലിക്ക് ശ്രമിച്ചിരുന്നെങ്കിലും കിട്ടാതിരുന്നത് ഷൈനിയെ മാനസികമായി വളരെയധികം തളർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഷൈനിയുടെ മറ്റൊരു മകൻ എഡ്വിൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.