Kottayam Double Murder Case: കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട സംഭവം; പ്രതി അമിത് എന്ന അസം സ്വദേശി ആര്? പിന്നിൽ ഒരു സംഘം?
Kottayam Double Murder Case Updates: അമിത് എന്തിനാണ് ജോലി തേടി കോട്ടയത്തെത്തിയത് എന്നത് സംബന്ധിച്ച് പൊലീസിന് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷമായി വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലെ ജോലി ചെയ്തു വരികയായിരുന്നു അമിത്.

കോട്ടയം: തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞു. കോടാലിയിലെ വിരലടയാളവും അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച വിരലടയാളവും ഒന്നാണെന്ന് വിദഗ്ധരുടെ വിശദമായ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
അമിത് എന്തിനാണ് ജോലി തേടി കോട്ടയത്തെത്തിയത് എന്നത് സംബന്ധിച്ച് പൊലീസിന് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷമായി വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തു വരികയായിരുന്നു അമിത്. ഇതിനിടെയാണ് വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ച് പണം തട്ടിയെടുത്തത്. ഈ കേസിൽ അഞ്ചര മാസത്തോളം അമിത് ജയിലിൽ കഴിഞ്ഞു. ഇതോടെ ഇയാളെ ഉപേക്ഷിച്ച് ഭാര്യ പോയെന്നും പറയുന്നു. ഇക്കാരണങ്ങൾ മൂലമുള്ള വൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിൽ എന്നാണ് പോലീസിന്റെ വിലയിരുത്തൽ.
അതേസമയം, അമിതിനെ ജാമ്യത്തിൽ ഇറക്കിയതിന് പിന്നിൽ ഒരു സംഘം ഉണ്ടെന്നും പോലീസ് സംശയിക്കുന്നു. അക്രമിക്ക് മറ്റുള്ളവരുടെ സഹായം ലഭിച്ചെന്ന സംശയത്തെ തുടർന്ന് ഇന്നലെ വീട്ടിൽ പരിശോധന നടക്കുന്നതിനിടെ സ്ഥലത്ത് എത്തിയവരിൽ സംശയിക്കേണ്ട ആളുകൾ ഉണ്ടോയെന്നും പോലീസ് നിരീക്ഷിച്ചിരുന്നു. ഇന്നലെ പുലർച്ചെ വരെ കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ അമിത് താമസിച്ചിരുന്നതിന്റെ തെളിവുകളും, ഇന്നലെ രാത്രി അമിത് മുറിയിൽ നിന്ന് പുറത്തുപോയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതങ്ങൾ നടത്തിയ ശേഷം ലോഡ്ജിൽ എത്തി സ്ഥലംവിട്ടതാണോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
അമിതിന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കർണാടകത്തിൽ കണ്ടെത്തിയതിന് പിന്നാലെ പോലീസ് സംഘം അവിടേക്ക് പുറപ്പെട്ടു. വിജയകുമാറിന്റെ വീടിന്റെ വാതിൽ തല്ലിപൊളിക്കാനായി അക്രമി ആദ്യം വീടിന് പിന്നിൽ നിന്ന് അമ്മിക്കല്ല് എടുത്തിരുന്നു. എന്നാൽ, ഭാരക്കൂടുതൽ കാരണം അത് വീടിന് മുന്നിൽ തന്നെ ഇട്ടതായാണ് കരുതുന്നത്. വീടിന് പിന്നിലെ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ഷെഡിൽ നിന്നാണ് അക്രമി കോടാലി എടുത്തത്. വിജയകുമാറിന്റെ വീടിന്റെ മുൻവശത്തെ മതിലിൽ അമിത് എന്ന് കരി കൊണ്ട് എഴുതിയത് പോലീസിന്റെ ശ്രദ്ധയില്പെട്ടെങ്കിലും ഇത് കുട്ടികൾ എഴുതിയതാകാമെന്നാണ് നാട്ടുകാർ പറയുന്നത്.