Kothamangalam drowning death: കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങി കയത്തിൽപ്പെട്ടു; മകൾക്ക് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി
Kothamangalam Kozhippalli River Drowning Tragedy: ഇരുവരും കുളിക്കുന്നതിനിടെ മകൾ കയത്തിൽപ്പെട്ടു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആണ് അമ്മയും പുഴയിൽ മുങ്ങിപ്പോയത്.

കോതമംഗലം: കോഴിപ്പിള്ളി പുഴയിൽ കുളിക്കാനിറങ്ങി കയത്തിൽപെട്ട് മകൾ മരിച്ചതിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. കോഴിപ്പിള്ളി ആര്യാപ്പിള്ളിൽ പാറയ്ക്കൽ അഭിയുടെ ഭാര്യ ജോമിനി (39) ആണ് മരിച്ചത്. 15കാരിയായ മകൾ ശനിയാഴ്ചയാണ് മരിച്ചത്. കോഴിപ്പള്ളി പരത്തരക്കടവ് തടയണയ്ക്ക് താഴെ ശനിയാഴ്ച വൈകീട്ടാണ് അപകടം ഉണ്ടായത്. ഇരുവരും കുളിക്കുന്നതിനിടെ മകൾ കയത്തിൽപ്പെട്ടു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആണ് അമ്മയും പുഴയിൽ മുങ്ങിപ്പോയത്.
സംഭവം കണ്ട് പുഴക്കരയിൽ ഉണ്ടായിരുന്ന ഇളയ മകൾ കരഞ്ഞ് ബഹളം വെച്ചു. ഇത് കേട്ടാണ് സമീപവാസികൾ സ്ഥലത്തെത്തി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. അവർ സ്ഥലത്തെത്തി ഇരുവരെയും മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിപ്പള്ളി കവലയിലെ ഒരു ടെക്സ്റ്റൈലിൽ ജോലി ചെയ്ത് വരികയായിരുന്നു ജോമിനി. സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു മരിയ. ഇരുവരുടെയും സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോതമംഗലം മർത്തമറിയം കത്തീഡ്രലിൽ വെച്ച് നടക്കും.
ALSO READ: രണ്ട് വർഷം മുമ്പ് കുടുംബാംഗങ്ങൾ തമ്മിൽ തർക്കം: കൊട്ടാരക്കരയിൽ 4 പേർക്ക് വെട്ടേറ്റു; പ്രതികൾ ഒളിവിൽ
കൊട്ടാരക്കരയിൽ കുടുംബത്തിന് നേരേ യുവാക്കളുടെ ആക്രമണം; 4 പേർക്ക് വെട്ടേറ്റു
കൊട്ടാരക്കര മൈലത്ത് കുടുംബത്തിലെ നാല് പേർക്ക് നേരേ യുവാക്കളുടെ ആക്രമണം. മൈലം സ്വദേശി അരുൺ, അരുണിൻറെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശവാസികളായ വിഷ്ണു, വിജേഷ് എന്നിവർ ചേർന്നാണ് ഇവരെ ആക്രമിച്ചത്. ഇവർ സഹോദരങ്ങളാണ്.
വെള്ളാരംകുന്നിലെ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകളിൽ പങ്കെടുത്ത് തിരികെ വരുന്നതിനിടെ ആണ് രണ്ടംഗ സംഘം ഇവരെ ആക്രമിച്ചത്. രണ്ട് വർഷം മുൻപ് കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്നമുണ്ടായിരുന്നു എന്നാണ് വിവരം. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം എന്ന് കൊട്ടാരക്കര പോലീസ് പറയുന്നു. ഇതിനു മുൻപും ഈ ആക്രമികൾ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, സംഭവത്തിലെ പ്രതികളായ വിഷ്ണു, വിജേഷ് എന്നിവർ നിലവിൽ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുന്നു.