Koottikkal Jayachandran: പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഇടക്കാല സംരക്ഷണം നീട്ടി, ജാമ്യപേക്ഷ പരിഗണിക്കുക ബുധനാഴ്ച
Kootickal Jayachandran: നാല് വയസ് മാത്രം പ്രായമുള്ള കുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കോഴിക്കോട് കസബ പൊലീസ് പോക്സോ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടൻ ഒളിവിലായിരുന്നു.

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കും. കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് സുപ്രീം കോടതി നടപടി. കൂടാതെ നടന്റെ ഇടക്കാല സംരക്ഷണവും ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്.
അതേസമയം പരാതിക്കാരെ ഭീഷണിപ്പെടുത്താൻ നടൻ ശ്രമിച്ചെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്നയുടെ അധ്യക്ഷതയുടെ ബെഞ്ചിനായിരുന്നു ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തിരുന്നത്. മുതിർന്ന അഭിഭാഷകൻ ആർ.ബസന്ത് നടന് വേണ്ടി ഹാജരാകുമെന്നും അതിനാൽ അദ്ദേഹത്തിന്റെ സൗകര്യം കണക്കിലെടുത്ത് ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് ജയചന്ദ്രന്റെ നിലവിലെ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു. ഈ ആവശ്യം ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ജൂണ്‍ മാസം എട്ടാം തിയതിയാണ് വെറും നാല് വയസ് മാത്രം പ്രായമുള്ള കുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കോഴിക്കോട് കസബ പൊലീസ് പോക്സോ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടൻ ഒളിവിലായിരുന്നു. ഏഴ് മാസത്തോളം ഒളിവിലായിരുന്ന കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയടക്കം തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് ജനുവരി 27 ന് സുപ്രീംകോടതി കേസ് പരിഗണിക്കുകയും മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
കുടുംബത്തിലെ പ്രശ്നങ്ങൾ ആണ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് കാരണമെന്നായിരുന്നു ജയചന്ദ്രന്റെ പ്രധാന വാദം. എന്നാൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഈ വാദങ്ങളെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചു. ചികിത്സിച്ച ഡോക്ടറോടും കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ മൊഴിയിലും താൻ നേരിട്ട ലൈംഗീക പീഡനത്തെ കുറിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പിന്നെ എങ്ങനെ ആണ് ഇതൊരു കുടുംബ പ്രശ്നത്തെ തുടർന്നുള്ള കേസാകുക എന്ന് സർക്കാർ ചോദിച്ചു. ഇതിന് പിന്നാലെ മെഡിക്കൽ റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്ന പീഡന വിവരം എങ്ങനെ അവഗണിക്കാൻ കഴിയുമെന്ന് സുപ്രീം കോടതി പ്രതിഭാഗത്തോട് ചോദിച്ചിരുന്നു.