Kollengode Leopard: മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു; പോസ്റ്റ്‌മോര്‍ട്ടം നാളെ
വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയില്‍ കുടുങ്ങിയ പുലിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മയക്ക് വെടിവെച്ച് പിടികൂടിയത്.
പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തു. മയക്ക് വെടിവെച്ച് പിടികൂടി നിരീക്ഷണത്തിലാക്കിയ ശേഷമാണ് പുലി ചത്തത്. ആന്തരികാവയവങ്ങള്‍ക്ക് പ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്.
വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയില്‍ കുടുങ്ങിയ പുലിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മയക്ക് വെടിവെച്ച് പിടികൂടിയത്. മയക്കുവെടി വെച്ചതിന് ശേഷമായിരുന്നു ആര്‍ആര്‍ടി സംഘത്തിന് പുലിയുടെ സമീപത്തെത്തി സാഹസികമായി ഇതിനെ കൂട്ടിലാക്കാന്‍ സാധിച്ചത്.
ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. ഒരുപാട് സമയം കമ്പിവേലിയില്‍ തൂങ്ങികിടന്നത് പുലിയെ ആന്തരികാവയവങ്ങളെ തകരാറിലാക്കിയെന്നാണ് നിഗമനം. കാലിനും വാലിനും വയറിനും കമ്പിവേലിയില്‍ കുടുങ്ങി പരിക്കേറ്റിരുന്നു. പുലിയെ കൂട്ടിലാക്കുന്നതിനിടയില്‍ മയക്കുവെടി തെറിച്ചുപോയിരുന്നു. അതുകൊണ്ട് തന്നെ വേണ്ട അളവില്‍ മരുന്ന് പുലിയുടെ ശരീരത്തില്‍ എത്തിയിട്ടില്ല.