Kollam New Born Baby Death : നവജാതശിശുവിനെ കൊലപ്പെടുത്തിയത് ഫേസ്ബുക്ക് കാമുകൻ പറഞ്ഞിട്ട്; പക്ഷെ ആ കാമുകൻ രേഷ്മയുടെ ബന്ധുക്കൾ
Kollam New Born Baby Death Case Verdict : കേസിൽ കുഞ്ഞിൻ്റെ അമ്മയായ രേഷ്മ കുറ്റക്കാരിയാണെന്ന് പോലീസ് കണ്ടെത്തി. ഇന്ന് ഓഗസ്റ്റ് ആറാം തീയതി കോടതി ശിക്ഷവിധിക്കും
കൊല്ലം : നവജാതശിശുവിനെ റബർ തോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ കേസിൽ (Kollam New Born Baby Death Case) അമ്മയായ കല്ലുവാതുക്കൽ സ്വദേശിനി രേഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. രണ്ടാമത് ഗർഭിണിയായതും പ്രസവിച്ചതും ഫേസ്ബുക്ക് കാമുകനിൽ നിന്നും മറച്ച് വെക്കാൻ വേണ്ടിയാണ് 25കാരിയായ രേഷ്മ നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത്. പക്ഷെ അനന്തു പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ രേഷ്മയോട് ചാറ്റ് ചെയ്തത് ഭർത്താവിൻ്റെ സഹോദരഭാര്യയും സഹോദരിപുത്രിയും ചേർന്നാണ്. കേസിൽ രേഷ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷ്ണൽ കോടതി ഇന്ന് ഓഗസ്റ്റ് ആറാം തീയതി ശിക്ഷ വിധിക്കും.
സംഭവം നടക്കുന്നത് 2021 ജനുവരിയിൽ
2021 ജനുവരി നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രേഷ്മയ്ക്കും ഭർത്താവിനും മൂന്ന് വയസുള്ള ഒരു പെൺകുട്ടിയുണ്ട്. രണ്ടാമത് ഗർഭിണിയായ രേഷ്മയെ ഫേസ്ബുക്ക് കാമുകൻ സ്വീകരിക്കില്ലയെന്ന് അറിയിച്ചതോടെയാണ് രേഷ്മ ആരുമറിയാതെ പ്രസവിച്ച് ഉടൻ തന്നെ കുഞ്ഞിനെ റബർ തോട്ടത്തിൽ ഉപേക്ഷിച്ചത്. വീടിന് പുറത്ത് കുളിമുറിയിൽ പ്രസവിച്ച രേഷ്മ കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കുകയും തുടർന്ന് കുളിമുറി വൃത്തിയാക്കി ഭർത്താവ് വിഷ്ണുവിനൊപ്പം വന്ന് കിടന്നുറങ്ങുകയും ചെയ്തു.
ഡിഎൻഎ പരിശോധനയിൽ അമ്മ രേഷ്മയാണെന്ന് കണ്ടെത്തി
അഞ്ചാ തീയതി രാവിലെ റബർ തോട്ടത്തിൽ നിന്നും നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ആദ്യം കൊല്ലം മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ച് ചികിത്സിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇതേസമയം പോലീസിനോടും നാട്ടുകാരോട് രേഷ്മ യാതൊരു ഭാവവ്യത്യാസമില്ലാതെ ഇടപെടുകയും ചെയ്തു. എന്നാൽ കുട്ടി ആരുടെയന്ന് കണ്ടെത്താനുള്ള ഡിഎൻഎ പരിശോധിനയിൽ കുഞ്ഞ് രേഷ്മയുടെയും വിഷ്ണുവിൻ്റെയുമാണ് കണ്ടെത്തി. രേഷ്മ ഗർഭിണിയാണെന്ന് ഭർത്താവ് വിഷ്ണുവിനും ബന്ധുക്കൾക്കും അറിയില്ലായിരുന്നു.
ഫേസ്ബുക്കിലെ ആ അനന്തു ഫേക്ക്
കേസിൽ പോലീസ് ഏറ്റവും കൂടുതൽ വലഞ്ഞത് ഫേസ്ബുക്ക് അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു. ഫേസ്ബുക്ക് കാമുകൻ അനന്തുവിൻ്റെ നിർദേശത്തെ തുടർന്നാണ് രേഷ്മ കുഞ്ഞനെ ഉപേക്ഷിച്ചത്. രണ്ടാമത്തെ കുഞ്ഞും കൂടിയാകുമ്പോൾ സ്വീകരിക്കാനാകില്ലയെന്ന് ഫേസ്ബുക്ക് കാമുകൻ പറഞ്ഞതോടെയാണ് രേഷ്മ ആരുമറിയാതെ പ്രസവിച്ചതും നവജാതശിശുവിനെ റബർ തോട്ടത്തിൽ ഉപേക്ഷിച്ചതും. ചാറ്റ് ചെയ്യുക അല്ലാതെ ഒരിക്കൽ പോലും രേഷ്മ ഈ അനന്തുവുമായി ഫോണിൽ നേരിട്ട് സംസാരിച്ചിട്ടില്ല. എന്നാൽ ഈ കാമുകനെ തേടി പോലീസ് അവസാനമെത്തിയത് രേഷ്മയുടെ കുടുംബത്തിലേക്ക് തന്നെയായിരുന്നു.
ഭർത്താവ് വിഷ്ണുവിൻ്റെ സഹോദരഭാര്യ ആര്യയും സഹോദരി പുത്രി ഗ്രീഷ്മയും ചേർന്നാണ് അനന്തു എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ ഉണ്ടാക്കി രേഷ്മയുമായി ചാറ്റ് ചെയ്തത്. രേഷ്മയെ പറ്റിക്കുന്നതിന് വേണ്ടിയാണ് ഇരുവരും ചേർന്ന് ഇങ്ങനെ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്.
അറസ്റ്റും ആത്മഹത്യയും
ഡിഎൻഎ പരിശോധനയിൽ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച് രേഷ്മ ഫേസ്ബുക്ക് കാമുകൻ്റെ നിർദേശത്തിലാണെന്ന് ഇക്കാര്യം ചെയ്തെന്ന് പോലീസിനോട് അറിയിക്കുകയും ചെയ്തു. അനന്തുവിനായി പോലീസ് അന്വേഷണം ആരംഭിച്ച വേളയിലാണ് രേഷ്മ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ഇത്തിക്കറ ആറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നത്.
നരഹത്യ, കുട്ടികളോട് കാണിക്കുന്ന ക്രൂരത എന്നീ കുറ്റങ്ങളാണ് രേഷ്മയ്ക്കെതിരെ അന്വേഷണം സംഘം ചുമത്തിയത്. പത്ത് വർഷത്തോളം കഠിനതടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി രേഷ്മയെ റിമാൻഡ് ചെയ്ത് ജില്ല ജയിലിലേക്കയച്ചു. ഇന്ന് ശിക്ഷ വിധിക്കും