Crime News : പോസ്റ്റ്‌മോര്‍ട്ടത്തില്‍ എല്ലാം മറനീക്കി പുറത്ത്; കൊല്ലത്തെ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് പിടിയില്‍

Mynagappally murder case : വീടിന് സമീപമുള്ള ക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന ദിവസമാണ് കൊലപാതകം നടന്നത്. ഉത്സവസ്ഥലത്തേക്ക് എത്തിയ പ്രതി ഭാര്യ തലയടിച്ച് വീണെന്ന് നാട്ടുകാരോട് പറഞ്ഞു. അബോധാവസ്ഥയിലായ ശ്യാമയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടുമോയെന്ന് രാജീവ് നാട്ടുകാരോട് ചോദിച്ചിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുമ്പ് ശ്യാമ മരിച്ചു

Crime News : പോസ്റ്റ്‌മോര്‍ട്ടത്തില്‍ എല്ലാം മറനീക്കി പുറത്ത്; കൊല്ലത്തെ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് പിടിയില്‍

Representational Image

Published: 

14 Jan 2025 07:48 AM

കൊല്ലം: യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മൈനാഗപ്പള്ളി മണ്ണൂര്‍കാവ് ദിയ സദനത്തില്‍ ശ്യാമ(26)യുടെ മരണത്തില്‍ ഭര്‍ത്താവ് രാജീവാ(38)ണ് പിടിയിലായത്. യുവതിയുടെ ദുരൂഹമരണത്തിന് പിന്നാലെ രാജീവ് ശാംസ്താംകോട്ട പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. മണ്ണൂര്‍ക്കാവ് ക്ഷേത്രത്തിന് സമീപത്തെ വീട്ടിനുള്ളില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവസമയത്തും ശ്യാമയും രാജീവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് ശ്യാമ മരിച്ചത്. വീടിന് സമീപമുള്ള ക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന ദിവസമാണ് കൊലപാതകം നടന്നത്. ഉത്സവസ്ഥലത്തേക്ക് എത്തിയ പ്രതി ഭാര്യ തലയടിച്ച് വീണെന്ന് നാട്ടുകാരോട് പറഞ്ഞു. അബോധാവസ്ഥയിലായ ശ്യാമയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടുമോയെന്ന് രാജീവ് നാട്ടുകാരോട് ചോദിച്ചിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുമ്പ് ശ്യാമ മരിച്ചിരുന്നു.

എന്നാല്‍ മരണത്തില്‍ പൊലീസ് ദുരൂഹത സംശയിച്ചു. തുടര്‍ന്ന് രാജീവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവദിവസം തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ആദ്യം പ്രതി കുറ്റം സമ്മതിച്ചില്ല. തലയിടിച്ച് ശ്യാമ വീഴുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോടും ആദ്യം പറഞ്ഞത്. എന്നാല്‍ ഇയാളുടെ മൊഴിയില്‍ പൊലീസിന് സംശയം തോന്നി.

മൃതദേഹത്തില്‍ പാടുകള്‍

മൃതദേഹത്തിന്റെ കഴുത്തിലും മറ്റും പാടുകളുണ്ടായിരുന്നു. മൃതദേഹം പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്കും സംശയം തോന്നിയിരുന്നു. ഡോക്ടര്‍മാര്‍ ചോദിച്ചപ്പോഴും ശ്യാമ തലയിടിച്ച് വീഴുകയായിരുന്നുവെന്നായിരുന്നു പ്രതിയുടെ മറുപടി. ആശുപത്രിയിലെത്തിയപ്പോഴും പ്രതിയും സുഹൃത്തുക്കളും മദ്യപിച്ച നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ മൊഴികളില്‍ വൈരുധ്യവുമുണ്ടായിരുന്നു.

ആശുപത്രിയില്‍ എത്തിയ പൊലീസുകാരോട് ഡോക്ടര്‍മാര്‍ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് അറിയിച്ചു. മൃതദേഹം ആദ്യം കണ്ട പൊലീസുകാരും അസ്വഭാവികത സംശയിച്ചിരുന്നു. തുടര്‍ന്നാണ് രാജീവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തത്.

Read Also : പത്തനംതിട്ട പീഡനം; കേസിൽ 58 പ്രതികൾ, പിടികൂടാനുള്ളത് 14 പേരെ

പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്യാമ കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കല്ലുകടവ് പാലത്തിന് സമീപം കട നടത്തുകയാണ് ഇയാള്‍. രാജീവിന്റെയും ശ്യാമയുടെയും പ്രണയവിവാഹമായിരുന്നു. രണ്ട് മക്കളുണ്ട്. ശ്യാമയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് സംസ്‌കരിച്ചു.

ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ