Kollam Car Accident :മൈനാഗപ്പള്ളി കാറപകടം; അജ്മലിനെയും ഡോ.ശ്രീക്കുട്ടിയെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Kollam Mynagappally Accident: പ്രതികളെ തിരുവനന്തപുരം അട്ടക്കുള്ളങ്ങര ജയിലേക്ക് കൊണ്ടുപോയി. പ്രതികൾ ബോധപൂർവ്വം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മലിനെയും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയെയും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഇരുവരെയും ശാസ്താംകോട്ട കോടതി റിമാന്‍ഡ് ചെയ്തത്. മനപൂര്‍വ്വമായ നരഹത്യക്ക് ചുമത്തി കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രതികളെ തിരുവനന്തപുരം അട്ടക്കുള്ളങ്ങര ജയിലേക്ക് കൊണ്ടുപോയി. പ്രതികൾ ബോധപൂർവ്വം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ഇടിച്ചിട്ടതിനു ശേഷം ഡോ. ശ്രീക്കുട്ടി വാഹനം മുന്നോട്ട് എടുക്കാൻ അജ്മലിനു നിർദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനിൽക്കുന്നതാണെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷണം നടത്തി. പ്രതികൾ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. തുടർന്ന് പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു.
കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. മൈനാഗപ്പള്ളി ആനൂർകാവിൽ വളവു തിരിഞ്ഞു വന്ന കാർ സ്കൂട്ടർ യാത്രികരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘോതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോളുടെ ശരീരത്തിൽ കാർ കയറ്റുകയായിരുന്നു. വാഹനം മുന്നോട്ട് എടുക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കാറ് കയറ്റി ഇറക്കിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുഞ്ഞുമോളെ ഇടിച്ച ശേഷം അമിത വേഗതയിൽ പോയ കാർ മറ്റൊരു വാഹനത്തെ ഇടിക്കുന്നതിൻറ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തുടർന്ന് മുന്നോട്ട് പോയ വാഹനം കരുനാഗപ്പള്ളിയിൽ വച്ച് പോസ്റ്റിലിടിച്ച് വാഹനം നിന്നതോടെ അജ്മൽ ഇറങ്ങിയോടുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടര്‍ ശ്രീക്കുട്ടിയെ നാട്ടുകാര്‍ ചേർന്ന് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്ന് ഇന്ന് പുലർച്ചെയാണ് പിടികൂടിയത്. ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍, ചന്ദനക്കടത്ത്, വഞ്ചന, എന്നിവയാണ് കേസുകൾ. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
അതേസമയം കോയമ്പത്തൂരിൽനിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കിയ നെയ്യാറ്റിൻകര സ്വദേശിനിയാണ് ശ്രീക്കുട്ടി. യുവതി വിവാഹമോചിതയാണ്. അടുത്തിടെയാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശൂപത്രിയിലെ ജോലിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നാണ് കരുനാഗപ്പള്ളി സ്വദേശി മുഹമ്മജ് അജ്മലിനെ കാണുന്നതും സുഹ്യത്തുക്കളാകുന്നതും. പിന്നീട് ഈ സൗഹൃദം വളരുകയായിരുന്നെന്നു പോലീസ് പറഞ്ഞു.