Kollam Febin Murder Case: കൊലയ്ക്ക് കാരണം സൗഹൃദത്തിലുണ്ടായ വിള്ളൽ, കുത്തിയത് തേജസാണെന്ന് അറിഞ്ഞിട്ടും മറച്ച് വച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്
Kollam Febin Murder Case: കൊലപാതകം നടത്തിയത് തേജസായിരുന്നെന്ന് ഫെബിന്റെ മാതാപിതാക്കൾക്ക് അറിയാമായിരുന്നെന്ന് പൊലീസ്. കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ചാണ് അക്രമി എത്തിയത്. എന്നാൽ അത് തേജസാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇക്കാര്യം തുറന്ന് പറയാൻ ഫെബിന്റെ മാതാപിതാക്കൾ തയ്യാറായില്ല.

കൊല്ലം: ഉളിയാക്കോവിൽ വിളപ്പുറം മാതൃക നഗർ ഫ്ലോറിഡെയ്ലിൽ ഫെബിൻ ജോർജ് (21) കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് കാരണം സൗഹൃദത്തിലുണ്ടായ വിള്ളലെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. തേജസ് രാജ് ഫെബിന്റെ വീട്ടിലെത്തിയത് കൊലപാതകം ലക്ഷ്യമിട്ട് തന്നെയെന്നും റിപ്പോർട്ടിൽ പറയുന്നു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം. കോളേജ് വിദ്യാർഥിയായ ഫെബിനെ കുത്തിയ ശേഷം പ്രതി നീണ്ടകര പുത്തൻതുറ സ്വദേശി തേജസ് രാജ്(23) ചെമ്മാൻമുക്ക് റെയിൽവേ ഓവർ ബ്രിജിന് അടുത്ത് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. പ്രതി സഞ്ചരിച്ച കാറിൽ നിന്നും രണ്ട് പെട്രോൾ ടിന്നുകളും, സംഭവ സ്ഥലത്ത് നിന്ന് ഇയാൾ കൊണ്ടു വന്ന ലൈറ്ററും കണ്ടെത്തിയിരുന്നു. അതിനാൽ തീ കൊളുത്തി കൊലപ്പെടുത്താനായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. തേജസ് സഞ്ചരിച്ച കാർ ഇന്നലെ ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ALSO RAED: ഭര്‍ത്താവിന് അറിയില്ല, ഞങ്ങള്‍ക്ക് 35 ലക്ഷത്തിന്റെ കടമുണ്ട്; അഫാനെതിരെ മൊഴി നല്‍കി ഉമ്മ
ഫെബിൻ ജോർജ് ഗോമസിന്റെ സഹോദരിയും തേജസ് രാജും ഒന്നിച്ച് സ്കൂളിൽ പഠിച്ചിരുന്നവരാണ്. ബാങ്ക് പരീക്ഷ പരിശീലനത്തിനും ഒരുമിച്ച പഠിച്ചു. തുടർന്ന് ഇരുവരുടെയും സൗഹൃദം പ്രണയത്തിലായി. വീട്ടുകാർ ഇരുവരുടെയും വിവാഹത്തിന് സമ്മതം മൂളിയിരുന്നു. പിന്നീട് ഫെബിന്റെ സഹോദരിക്ക് കോഴിക്കോട് പൊതുമേഖല ബാങ്കിൽ ജോലി ലഭിച്ചു. തേജസ് സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ ജയിച്ചെങ്കിലും കായിക ക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടു. ഇതിനിടെ ഇരുവരുടെയും ബന്ധത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടർന്ന് പെൺകുട്ടിയും കുടുംബവും ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
കായിക ക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടത് തേജസിനെ മാനസികമായി തളർത്തിയിരുന്നു. ഇതിനിടെയാണ് യുവതിക്ക് മറ്റൊരു വിവാഹം ഈ മാസം ഒമ്പതിന് ഉറപ്പിച്ചത്. ഇതും പകയ്ക്ക് കാരണമായി. യുവതിയും വീട്ടിലുണ്ടാകുമെന്ന് കരുതിയാണ് അവരെ കൊലപ്പെടുത്താൻ പ്രതി എത്തിയത്.
അതേസമയം കൊലപാതകം നടത്തിയത് തേജസായിരുന്നെന്ന് ഫെബിന്റെ മാതാപിതാക്കൾക്ക് അറിയാമായിരുന്നെന്ന് പൊലീസ്. കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ചാണ് അക്രമി എത്തിയത്. എന്നാൽ അത് തേജസാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇക്കാര്യം തുറന്ന് പറയാൻ ഫെബിന്റെ മാതാപിതാക്കൾ തയ്യാറായില്ല. അക്രമി ആരെന്ന് അറിയില്ലെന്നാണ് കുടുംംബം പറഞ്ഞത്. ഒടുവിൽ വിശദമായ ചോദ്യം ചെയ്യലിലാണ് ഈക്കാര്യം സമ്മതിച്ചത്. എന്നാൽ അപ്പോഴേക്കും പ്രതി ജീവനൊടുക്കിയിരുന്നു. തേജസാണ് ഫെബിനെ
കുത്തിയതെന്ന് അറിയിച്ചിരുന്നെങ്കിൽ ഉടൻ തന്നെ ടവർ ലൊക്കേഷൻ കണ്ടെത്തി തേജസിനെ പിടിക്കാനാകുമെന്ന് പൊലിസ് പറഞ്ഞു.