Kollam Febin Murder: തേജസെത്തിയത് രണ്ട് കുപ്പി പെട്രോളുമായി; ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ
Kollam Febin Murder Case Updates: ഫെബിന്റെ അച്ഛനുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തടയാനായി എത്തിയ ഫെബിനെ പ്രതി കുത്തുകയായിരുന്നു. ഫെബിനെ കുത്തിയതിന് ശേഷം കാറുമെടുത്ത് രക്ഷപ്പെട്ട തേജസ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഫെബിന്റെ പിതാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

തേജസ് രാജ്, ഫെബിന്‍
കൊല്ലം: കൊല്ലം ഉളിയക്കോവിലില്‍ ഫെബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. പ്രതി തേജസ് രാജ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ ആയിരുന്നു എന്ന് പോലീസ്. യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു തേജസ് ലക്ഷ്യമിട്ടിരുന്നത്. അതിനായി രണ്ട് കുപ്പി പെട്രോള്‍ കയ്യില്‍ കരുതിയാണ് തേജസ് ഫെബിന്റെ വീട്ടിലേക്കെത്തിയത്.
എന്നാല്‍ ഫെബിന്റെ അച്ഛനുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തടയാനായി എത്തിയ ഫെബിനെ പ്രതി കുത്തുകയായിരുന്നു. ഫെബിനെ കുത്തിയതിന് ശേഷം കാറുമെടുത്ത് രക്ഷപ്പെട്ട തേജസ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഫെബിന്റെ പിതാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഫെബിന്റെ സഹോദരിയും തേജസും എഞ്ചിനീയറിങ് കോളേജില്‍ സഹപാഠികളായിരുന്നു. ബാങ്ക് പരീക്ഷയ്ക്കായുള്ള പരിശീലനത്തിനും ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ യുവതിക്ക് മാത്രമാണ് ജോലി ലഭിച്ചത്. തേജസ് സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ വിജയിച്ചു. പക്ഷെ ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു.



പിന്നീട് യുവതി ബന്ധത്തില്‍ നിന്ന് പിന്മാറിയത് തേജസിനെ പ്രകോപിപ്പിച്ചു. യുവതിയുടെ പിന്നാലെ നടന്ന് തേജസ് ശല്യം ചെയ്തതോടെ വീട്ടുകാര്‍ വിലക്കിയിരുന്നു. ഇതിന് പിന്നാലെ ഫെബിന്റെ വീട്ടിലെത്തി തേജസ് വഴക്കിട്ടിരുന്നു എന്നാണ് പോലീസ് പറയുന്നത്.
കുത്തേറ്റ ഉടന്‍ തന്നെ പുറത്തേക്ക് ഓടിയ ഫെബിന്‍ റോഡില്‍ മറിഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപവാസികള്‍ ചേര്‍ന്ന് ഫെബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യം നടത്തിയതിന് ശേഷം വീട്ടില്‍ നിന്നും രക്ഷപ്പെട്ട തേജസ് ഫെബിനെയും പിതാവിനെയും കുത്താന്‍ ഉപയോഗിച്ച കത്തി റോഡരികില്‍ വലിച്ചെറിഞ്ഞു.
സംഭവം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കടപ്പാക്കട ചെമ്മാന്‍മുക്ക് പാലത്തിന് താഴെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് തേജസിന്റെ മൃതദേഹം പിന്നീട് കണ്ടെടുത്തത്. ട്രാക്കിന് സമീപം നിര്‍ത്തിയിട്ട നിലയില്‍ കാറും കണ്ടെത്തിയിരുന്നു. കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഗ്രേഡ് എസ്‌ഐ രാജുവിന്റെ മകനാണ് തേജസ് എന്ന കാര്യം വ്യക്തമായത്.