Kollam Car Accident : അജ്മലിനെതിരെ മുൻപ് മോഷണവും ചന്ദനക്കടത്തുമടക്കം അഞ്ച് കേസുകൾ; രണ്ട് പേരും മദ്യപിച്ചിരുന്നു എന്ന് പോലീസ്
Kollam Car Accident Ajmal Sreekutty : കൊല്ലം മൈനൂർക്കാവിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ അജ്മലിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ്. അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നു. ഡോക്ടറായിരുന്ന ശ്രീക്കുട്ടിയെ ആശുപത്രിയിൽ നിന്ന് പുറത്താക്കി.
കൊല്ലത്ത് സ്കൂട്ടർ യാത്രക്കാരായ സ്ത്രീകളെ ഇടിച്ചുവീഴ്ത്തി ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാർ ഓടിച്ചിരുന്ന അജ്മൽ സ്ഥിരം കുറ്റവാളിയാണെന്നാണ് കണ്ടെത്തൽ. അജ്മലും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു. ഇതോടെ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയതായി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി അധികൃതർ വ്യക്തമാക്കി.
അജ്മലിനെതിരെ പോലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇയാൾ അഞ്ച് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍, ചന്ദനക്കടത്ത്, വഞ്ചന, എന്നിവയാണ് കേസുകൾ. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. മറ്റൊരാൾ കൂടി കാറിലുണ്ടായിരുന്നു എന്നും അപകടത്തിന് മുൻപ് ഇയാൾ ഇറങ്ങുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അജ്മലും ഡോ. ശ്രീക്കുട്ടിയും സഞ്ചരിച്ച കാർ അപകടമുണ്ടാക്കിയത്. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് വാഹനം നിർത്താതെ പോയതെന്ന് പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ വച്ചാണ് യുവ ഡോക്ടറെ അജ്മൽ പരിചയപ്പെടുന്നത്. തൻ്റെ സ്വർണാഭരണങ്ങൾ ഉൾപ്പെടെ അജ്മൽ തട്ടിയെടുത്തു എന്ന് ഡോ. ശ്രീക്കുട്ടി മൊഴി നൽകി. വാഹനമിടിച്ചപ്പോൾ വണ്ടി മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് ശ്രീക്കുട്ടിയാണെന്നാണ് വിവരം. അതുകോണ്ട് തന്നെ ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തുമെന്ന് സൂചനയുണ്ട്.
ഇന്ന് പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെയാണ് ശാസ്താംകോട്ട പതാരത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. അപകടമുണ്ടാക്കിയതിന് പിന്നാലെ ഇയാൾ സ്കൂട്ടറിൻ്റെ പിന്നിലിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളിൻ്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി ഓടിച്ചുപോയിരുന്നു. കുഞ്ഞുമോൾ (45) മരണപ്പെടുകയും ചെയ്തു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയക്ക് പരിക്കേറ്റു.
കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ഇന്നലെ വൈകിട്ട് 5.45നായിരുന്നു അപകടം. കാർ ഇടിച്ചയുടൻ വാഹനം നിർത്താൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും പ്രതി അമിതവേഗതയിൽ വാഹനമോടിച്ച് കടന്നുകളയുകയായിരുന്നു. ഇങ്ങനെ ഓടിച്ചുപോകുമ്പോൾ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാർ മുന്നോട്ടെടുത്തില്ലായിരുന്നെങ്കിൽ കുഞ്ഞുമോൾ രക്ഷപ്പെട്ടേനെ. രക്ഷപ്പെടുന്നതിനിടെ ഒരു മതിലിലും ബൈക്കിലും ഇയാൾ കാറിടിച്ച് കയറ്റിയെന്നും നാട്ടുകാർ പറയുന്നു. കാറും കാറിൽ അജ്മലിനൊപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറെയും ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ, ഇന്ന് രാവിലെ അജ്മലിനെയും പോലീസ് പിടികൂടി.
കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു സ്കൂട്ടർ യാത്രക്കാർ. ആ സമയത്ത് തെറ്റായ ദിശയിലൂടെ വന്ന കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്നവർ തെറിച്ച് റോഡിൽ വീണപ്പോൾ നാട്ടുകാർ ഓടിക്കൂടി. ഇത് കണ്ട് രക്ഷപ്പെടാനായി കാർ പിന്നോട്ടെടുത്ത ശേഷം അജ്മൽ അതിവേഗതയിൽ കാർ മുന്നോട്ട് പായിച്ചു. ഈ സമയത്താണ് കുഞ്ഞുമോൾ കാറിനടിയിൽ പെട്ടത്.