Anchal Tripple Murder Case : അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; പ്രതികളെ 18 വര്‍ഷത്തിന് ശേഷം കുടുക്കിയത് എഐ സാങ്കേതിക വിദ്യ
Anchal Tripple Murder Case CBI Arrested Accused : തികച്ചും തന്ത്രപരമായിരുന്നു പ്രതികളുടെ ഒളിവുജീവിതം. പേരടക്കം മാറ്റി. വിവാഹം കഴിച്ചു. ഇതിനിടെയാണ് പുതുച്ചേരിയില്‍ ഒരു പ്രതിയുടെ ഭാര്യയായ അധ്യാപിക സമൂഹമാധ്യമത്തില്‍ അവരുടെ കുടുംബചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രം അന്വേഷണസംഘത്തിന്റെ ശ്രദ്ധയിലുംപെട്ടു. തുടര്‍ന്ന് ഈ യുവതിയുടെ പോസ്റ്റുകള്‍ നിരീക്ഷിച്ചു. അങ്ങനെയാണ് അന്വേഷണസംഘം പുതുച്ചേരിയിലെത്തിയതും പ്രതികള്‍ പിടിയിലാകുന്നതും
കൊല്ലം: അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ 18 വര്‍ഷത്തിന് ശേഷം പിടികൂടിയത് എഐ സാങ്കേതികവിദ്യയിലൂടെ. അഞ്ചല്‍ സ്വദേശിനി രഞ്ജിനിയും രണ്ട് പെണ്‍കുട്ടികളും കൊല്ലപ്പെട്ട കേസില്‍ മുന്‍ സൈനികരായ കൊല്ലം അലയമണ്‍ ചന്ദ്രവിലാസത്തില്‍ ദിബില്‍കുമാര്‍ (41), കണ്ണൂര്‍ ശ്രീകണ്ഠാപുരം കൈതപ്രം പുതുശേരി വീട്ടില്‍ രാജേഷ് (46) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ രൂപത്തിലുണ്ടാകുന്ന മാറ്റം കേരള പൊലീസിന്റെ എഐ സാങ്കേതികവിദ്യയിലൂടെ തയ്യാറാക്കിവന്നിരുന്നു. സിബിഐയുടെയും കേരള പൊലീസിന്റെയും ഇത്തരത്തിലുള്ള ശ്രമമാണ് പ്രതികളെ കുടുക്കിയത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രങ്ങള്‍ തയ്യാറാക്കുന്നതിനൊപ്പം നിരവധി സാമൂഹ്യമാധ്യമ അക്കൗണ്ടുകളും അന്വേഷണസംഘം പരിശോധിച്ചു. പ്രതികളുടെ വിവിധ സാധ്യതാ ചിത്രങ്ങളും തയ്യാറാക്കിയിരുന്നു.
ഈ ചിത്രങ്ങളുമായി സാമ്യമുള്ള ഫോട്ടോകള്‍ ആരെങ്കിലും സമൂഹമാധ്യമത്തില്‍ പങ്കുവച്ചാല്‍ അന്വേഷണസംഘത്തിന് അലര്‍ട്ടുകള്‍ ലഭിക്കുമായിരുന്നു. ഇതിനിടെയാണ് പുതുച്ചേരിയില്‍ ഒരു പ്രതിയുടെ ഭാര്യയായ അധ്യാപിക സമൂഹമാധ്യമത്തില്‍ അവരുടെ കുടുംബചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രം അന്വേഷണസംഘത്തിന്റെ ശ്രദ്ധയിലുംപെട്ടു. തുടര്‍ന്ന് ഈ യുവതിയുടെ പോസ്റ്റുകള്‍ നിരീക്ഷിച്ചു. അങ്ങനെയാണ് അന്വേഷണസംഘം പുതുച്ചേരിയിലെത്തിയതും പ്രതികള്‍ പിടിയിലാകുന്നതും.
പുതിയ പേര്, പുതിയ ജീവിതം
പുതിയ പേരിലായിരുന്നു പ്രതികളായ ദിബിലും രാജേഷും പുതുച്ചേരിയില്‍ താമസിച്ചിരുന്നത്. വിഷ്ണുവെന്ന പേരിലായിരുന്നു ദിബിലിന്റെ താമസം. രണ്ട് പേരും അധ്യാപികമാരെ വിവാഹം ചെയ്ത് കുടുംബജീവിതം നയിച്ച് വരികയായിരുന്നു. ഇതിനിടെ ഒരു അജ്ഞാതനില്‍ നിന്ന് സിബിഐ ചെന്നൈ യൂണിറ്റിന് പ്രതികളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതും പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി.
പ്രണയം, കൊലപാതകം
രജനിയും അയല്‍വാസിയായ ദിബിലും പ്രണയത്തിലായിരുന്നു. ഇതിനിടെ രജനി ഗര്‍ഭിണിയായി. എന്നാല്‍ ദിബില്‍ കുമാര്‍ കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രജനി നിയമനടപടി ആരംഭിച്ചു. വനിതാ കമ്മീഷനിലും പരാതി നല്‍കി. പിന്നീട് ഡിഎന്‍എ ടെസ്റ്റിന് ഹാജരാകാന്‍ ദിബിലിന് നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ നിയമനടപടി ദിബിലിനെ പ്രകോപിപ്പിച്ചു. തുടര്‍ന്നായിരുന്നു കൊലപാതകം.
Read Also : പാറശ്ശാല ഷാരോണ്‍ വധക്കേസ്; പാരസെറ്റാമോളിനെ കുറിച്ച് സെര്‍ച്ച് ചെയ്തത് പനി കാരണമെന്ന് ഗ്രീഷ്മ, വിധി 17ന്
2006 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ദിബിലും രാജേഷും എത്തി രജനിയെയും കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയി. പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തതോടെ ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് 50000 രൂപ ഇനാം പ്രഖ്യാപിച്ചു. പിന്നീട് തുക രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. സംഭവം നടക്കുമ്പോള്‍ കേരളത്തിലെ ക്രൈം കേസുകളുടെ ചുമതല സിബിഐ ചെന്നൈ യൂണിറ്റിനായിരുന്നു. രജനിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം 2008ലാണ് സിബിഐ ചെന്നൈ യൂണിറ്റ് കേസ് എടുത്തത്.
സൈന്യത്തിലെ പരിചയം
പഞ്ചാബില്‍ ജോലി ചെയ്യുന്ന സമയത്താണ് ദിബിലും രാജേഷും പരിചയപ്പെടുന്നത്. തന്റെ പ്രശ്‌നങ്ങളെല്ലാം രാജേഷിനോട് ദിബില്‍ പങ്കുവയ്ക്കുകയും ചെയ്തു. പിന്നീടാണ് ഇവര്‍ കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. തികച്ചും ആസൂത്രിതമായാണ് കൊലപാതകം നടത്തിയതും, തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയതും.