Alappuzha Memu Coaches: യാത്രാ ദുരിതം അവസാനിക്കുമോ? മെമുവിൽ അധിക കോച്ചുകൾ വരുന്നു; കേരളത്തിന് പുതിയ 16 റേക്കുകൾ
Coastal Memu New Coaches: ആലപ്പുഴ-എറണാകുളം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കൊല്ലം-ആലപ്പുഴ എന്നീ മെമു സർവീസിൽ 12 റേക്കുകളാണ് നിലവിലുള്ളത്. പുതുതായി അനുവദിക്കുന്ന റേക്കുകളെത്തുമ്പോൾ ഇത് 16 ആയി മാറും. ഇതോടെ യാത്രക്കാരുടെ നീണ്ട നാളത്തെ ആവശ്യമാണ് പരിഹരിക്കപ്പെടുക.

തിരുവനന്തപുരം: തീരദേശപാതയിലൂടെയുള്ള തീവണ്ടി യാത്രക്കാരുടെ ദുരിതം അവസാനിക്കുന്നു. കൊല്ലം ആലപ്പുഴ എറണാകുളം റൂട്ടിലോടുന്ന മെമു ട്രെയിനുകളിൽ അധിക കോച്ച് അനുവദിക്കാൻ (Memu New Coaches) ഇന്ത്യൻ റെയിൽവേ. കേരളത്തിലേക്ക് 16 പുതിയ മെമു റേക്കുകൾകൂടി അനുവദിക്കുമെന്നാണ് ഇന്ത്യൻ റെയിൽവേ അറിയിച്ചിരിക്കുന്നത്.
ആലപ്പുഴ-എറണാകുളം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കൊല്ലം-ആലപ്പുഴ എന്നീ മെമു സർവീസിൽ 12 റേക്കുകളാണ് നിലവിലുള്ളത്. പുതുതായി അനുവദിക്കുന്ന റേക്കുകളെത്തുമ്പോൾ ഇത് 16 ആയി മാറും. ഇതോടെ യാത്രക്കാരുടെ നീണ്ട നാളത്തെ ആവശ്യമാണ് പരിഹരിക്കപ്പെടുക.
റെയിൽവേ മന്ത്രിയും റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായിരിക്കുന്നത്. തീരദേശപാതയിലെ യാത്രാദുരിതവും മെമുവിലെ തിരക്കും കെ സി വേണുഗോപാൽ എംപി റെയിൽവേ ബോർഡിന് മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിൽ ദിവസേന ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന സർവീസാണ് ആലപ്പുഴ റൂട്ടിലോടുന്ന മെമു.
രാവിലെ 7.25 ന് ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന മെമുവിൽ ദിവസേന നൂറുകണക്കിനാളുകളാണ് യാത്ര ചെയ്യുന്നത്. വൈകുന്നേരങ്ങളിലും തിങ്ങിഞ്ഞെരുങ്ങി യാത്ര ചെയ്യേണ്ട അവസ്ഥാണ് ഉണ്ടാകാറുള്ളത്. റേക്കുകളുടെ കുറവാണ് അനിയന്ത്രിതമായ തിരക്കിന് കാരണമെന്നാണ് യാത്രക്കാർ പറയുന്നത്.
കുംഭമേളയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റേക്കുകൾ പ്രയാഗ്‌രാജിലേക്ക് മാറ്റിയിരുന്നു. കുംഭമേള കഴിഞ്ഞ സാഹചര്യത്തിൽ ഇവയിൽ ചിലത് കേരളത്തിലെത്തിക്കാന് റെയിൽവേ പദ്ധതിയിടുന്നുണ്ട്.