5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kodakara Hawala Case: പണം ബിജെപിയുടേത്, എത്തിച്ചത് ആറ് ചാക്കുകളിൽ; കൊടകര കുഴൽപ്പണ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Kodakara Black Money: കുഴൽപ്പണം കൊണ്ടുവന്നവർക്ക് റൂം ബുക്ക് ചെയ്ത് നൽകിയത് ജില്ലാ ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു. കെ.കെ അനീഷ് കുമാറായിരുന്നു ജില്ലാ അദ്ധ്യക്ഷനെന്നും തിരൂർ സതീശ് പറഞ്ഞു.

Kodakara Hawala Case: പണം ബിജെപിയുടേത്, എത്തിച്ചത് ആറ് ചാക്കുകളിൽ; കൊടകര കുഴൽപ്പണ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
BJP Flag (Image Credits: Social Media)
athira-ajithkumar
Athira CA | Published: 31 Oct 2024 16:35 PM

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ കൂടുതൽ വെളിപ്പെടുത്തൽ. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് കോടികളുടെ കുഴൽപ്പണമായി എത്തിച്ചതെന്ന് കേസിലെ സാക്ഷിയും കുഴൽപ്പണ ഇടപാട് സമയത്തെ ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീശ്. കുഴൽപ്പണം കൊണ്ടുവന്നവർക്ക് റൂം ബുക്ക് ചെയ്ത് നൽകിയത് ജില്ലാ ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആറ് ചാക്കുകളിലായാണ് പണം എത്തിച്ചതെന്നും തിരൂർ സതീശ് പറഞ്ഞു.

‌‌”അന്ന് ജില്ലാ ഓഫീസിലേക്ക് തെരഞ്ഞെടുപ്പിന് വേണ്ടി പെെസ വന്നിട്ടുണ്ടായിരുന്നു. മെറ്റീരിയൽസ് എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നത്. പണമാണെന്ന് പിന്നീടാണ് അറിഞ്ഞത്. പണം മുകളിലേക്ക് കയറ്റാൻ ഞാൻ സഹായിച്ചിരുന്നു. ചാക്കിലാക്കി കൊണ്ടുവന്ന പണം തലച്ചുമടാക്കിയാണ് മുകളിലേക്ക് എത്തിച്ചത്. കൂടെ ധർമ്മരാജും ഉണ്ടായിരുന്നു. ഏകദേശം 6 ചാക്കോളം പണം ഉണ്ടായിരുന്നു. ഓഫീസിലെ ട്രഷററും ജനറൽ സെക്രട്ടറിമാരും ഇരിക്കുന്ന മുറിയിലാണ് പണം സൂക്ഷിച്ചത്. അതിന് കാവലിരിക്കലായിരുന്നു എന്റെ ജോലി. പണം ‌ആയിരുന്നു എന്ന് അറിഞ്ഞത് പിന്നീടായിരുന്നു.

ശേഷം ധർമ്മരാജന് നാഷണൽ ലോഡ്ജിൽ മുറിയെടുത്ത് നൽകി. പിറ്റേ ദിവസമാണ് കൊടകരയിൽ ഇവർ കവർച്ച ചെയ്യപ്പെട്ട കാര്യം അറിയുന്നത്. ജില്ലാ ഓഫീസിലേക്ക് വരേണ്ട പെെസ അവിടെ തന്നെ എത്തി. ജില്ലാ നേതാക്കളുടെ നിർദ്ദേശം അനുസരിച്ചാണ് അന്ന് മൊഴി നൽകിയത്. കോടതിയിൽ കേസ് വിചാരണയ്ക്ക് വരുമ്പോൾ എല്ലാം തുറന്നു പറയും. അന്നത്തെ ജില്ലാ അദ്ധ്യക്ഷൻ കെകെ അനീഷ് കുമാറായിരുന്നു. ഇക്കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നു”.- തിരൂർ സതീശ് പറഞ്ഞു

തൃശൂർ- എറണാകുളം ഹൈവേയിൽ നടന്ന ഒരു അപടകത്തിൽ നിന്നും വാഹനത്തിൽ നിന്ന് പണം കവർച്ച ചെയ്യപ്പെട്ടതിൽ നിന്നുമാണ് കൊടകര കുഴൽപ്പണക്കേസിന്റെ തുടക്കം. ഡ്രെെവറായിരുന്ന ഷംജീർ ഷംസുദ്ദീൻ, താൻ ഓടിച്ചിരുന്ന വാഹനത്തിൽ നിന്ന് 25 ലക്ഷം രൂപ കവർച്ച ചെയ്യപ്പട്ടുവെന്ന പരാതിയുമായി രം​ഗത്തെത്തി. ധർമ്മരാജന്റേതായിരുന്നു കാണാതായ പണം.

തന്റെ സുഹൃത്തും യുവമോർച്ച മുൻ സംസ്ഥാന ട്രഷററുമായിരുന്ന സുനിൽ നായിക് ബിസിനസ് ആവശ്യത്തിന് വേണ്ടി തന്ന പണം കവർച്ച ചെയ്യപ്പെട്ടു എന്നാണ് ധർമ്മരാജൻ പൊലീസിന് നൽകിയ പരാതി. ബിജെപി സംസ്ഥാന നേതൃത്വവുമായി ബന്ധമുള്ള വ്യക്തിയാണ് സുനിൽ നായിക്. കൊടകരയിൽ ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കവർച്ച നടന്നതെങ്കിലും നാല് ദിവസം കഴിഞ്ഞാണ് ധർമ്മരാജൻ പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ ഏകദേശം മൂന്നര കോടി രൂപ കവർച്ച ചെയ്യപ്പെട്ടു എന്നും ഇത് ബിജെപിയുടെ പണമായിരുന്നു എന്നും കണ്ടെത്തി.

കർണ്ണാടകയിൽ നിന്ന് തെരഞ്ഞെടുപ്പിനായി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്തയ്ക്ക് നൽകാനാണ് പണം കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസ് ചൂണ്ടിക്കാട്ടി. കേസിൽ 23 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ 19 പേരായിരുന്നു കേസിലെ സാക്ഷികൾ.

Latest News