Kodakara Hawala Case: ബിജെപി നേതാക്കളെ ഇഡി സംരക്ഷിക്കുന്നു; കൊടകര കുഴൽപ്പണക്കേസ് കുറ്റപത്രത്തിൽ പ്രതികരിച്ച് തിരൂർ സതീഷ്
Tirur Satheesh Against ED: കൊടകര കുഴൽപ്പണക്കേസിൽ ഇഡിയുടെ കുറ്റപത്രത്തിനെതിരെ തിരൂർ സതീഷ്. ബിജെപി നേതാക്കളെ ഇഡി സംരക്ഷിക്കുകയാണെന്ന് സതീഷ് ആരോപിച്ചു. ഇഡിയുടെ കുറ്റപത്രം പുറത്തുവന്നതിന് പിന്നാലെയാണ് തിരൂർ സതീഷിൻ്റെ പ്രതികരണം.

കൊടകര കുഴൽപ്പണക്കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ വിമർശനവുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കേസിൽ ബിജെപി നേതാക്കളെ ഇഡി സംരക്ഷിക്കുകയാണെന്നും നടന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും തിരൂർ സതീഷ് പറഞ്ഞു. കൊടകര കുഴപ്പണക്കേസുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നു. സത്യം പുറത്തുകൊണ്ടുവരാനുള്ള നിയമപോരാട്ടം തുടരുമെന്നും സതീഷ് പ്രതികരിച്ചു. കേസിലെ കുറ്റപത്രം കലൂർ പിഎംഎൽഎ കോടതിയിൽ ഇഡി സമർപ്പിച്ചിരുന്നു. ഇത് പുറത്തുവന്നതിന് പിന്നാലെയാണ് തരൂർ സതീഷിൻ്റെ പ്രതികരണം.
ബിജെപി നേതാക്കളെ ഇഡി സംരക്ഷിക്കുകയാണെന്ന് തിരൂർ സതീഷ് ആരോപിച്ചു. രാജ്യദ്രോഹക്കുറ്റമാണ് നടന്നത്. ഇതുവരെ ഇഡി തന്നെ ബന്ധപ്പെട്ടിട്ടില്ല. താൻ സാക്ഷിപ്പട്ടിയിലുണ്ടോ എന്നുപോലും അറിയില്ല എന്നും തിരൂർ സതീഷ് പറഞ്ഞിരുന്നു. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തലുകളാണ് നിർണായകമായിരുന്നത്. ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയായിരുന്നു അന്വേഷണം. എന്നാൽ, പോലീസ് കണ്ടെത്തലുകൾക്ക് വിരുദ്ധമാണ് ഇപ്പോൾ ഇഡിയുടെ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തലുകൾ ബിജെപി സംസ്ഥാന നേതൃത്വത്തെയടക്കം പ്രതിരോധത്തിലാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സമയത്ത് നാല് ചാക്കുകളിലായി ആറ് കോടി രൂപ ബിജെപിയുടെ തൃശൂർ ജില്ലാ കമ്മറ്റി ഓഫീസിലെത്തിച്ചു എന്നായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. ഈ പണം കൊണ്ടുവന്ന ധർമ്മരാജൻ ബിജെപി ഓഫീസിൽ സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നും സതീഷ് ആരോപിച്ചിരുന്നു.
എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിനായി എത്തിച്ച കുഴൽപ്പണമെന്ന നിലയിലേക്കുള്ള അന്വേഷണം ഇഡി നടത്തിയിട്ടില്ലെന്നാണ് സൂചന. ഹൈവേയിലെ കള്ളപ്പണ ഇടപാട് മാത്രമാണ് ഇഡി അന്വേഷിച്ചതെന്ന് കുറ്റപത്രം സൂചിപ്പിക്കുന്നു. കുറ്റപത്രത്തിൽ ബിജെപിയുടെ പേരില്ല. ഇഡിയുടെ കുറ്റപത്രം പ്രകാരം 23 പേരാണ് കേസിലെ പ്രതികൾ. ആലപ്പുഴയിലുള്ള സ്ഥലം വാങ്ങാൻ ധർമരാജൻ കൊടുത്തുവിട്ട 3.56 കോടിരൂപ പ്രതികൾ കൊള്ളയടിച്ചു എന്നാണ് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നത്. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച രേഖകൾ ധർമരാജൻ ഹാജരാക്കിയെന്നും ഇഡി കുറ്റപത്രത്തിൽ പറയുന്നു.