Kochi Water Metro: ആലുവയിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ഇനി വാട്ടർ മെട്രോയിൽ സഞ്ചരിക്കാം; പ്രാഥമിക പഠനങ്ങളാരംഭിച്ച് കെഎംആർഎൽ
Aluva To Nedumbassery Water Metro: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊച്ചി മെട്രോയിൽ സഞ്ചരിക്കാനുള്ള അവസരമൊരുങ്ങുന്നു. ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സർവീസ് ആരംഭിക്കാനുള്ള പ്രാഥമിക പഠനങ്ങൾ കെഎംആർഎൽ ആരംഭിച്ചുകഴിഞ്ഞു.
ആലുവയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള വാട്ടർ മെട്രോ പരിഗണനയിൽ. ഇതുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) പ്രാഥമിക പഠനങ്ങൾ നടത്തിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റോഡ് മാർഗമുള്ള യാത്രയെക്കാൾ 12 കിലോമീറ്ററോളം ദൂരം കുറവുള്ളതുകൊണ്ട് തന്നെ വേഗത്തിൽ എത്താം എന്നതാണ് വാട്ടർ മെട്രോയുടെ സവിശേഷത. അതുകൊണ്ട് തന്നെ ഈ റൂട്ടിലെ വാട്ടർ മെട്രോ വളരെ ഗൗരവമായി കെഎംആർഎൽ പരിഗണിക്കുന്നുണ്ട്. സമകാലിക മലയാളമാണ് വാർത്ത നൽകിയത്.
ആലുവയിൽ നിന്ന് വാട്ടർ മെട്രോയും വാട്ടർ മെട്രോയിൽ നിന്ന് ഫീഡർ ബസുമാണ് പ്രാഥമികമായ ആലോചന. ഇത്തരത്തിൽ അര മണിക്കൂർ കൊണ്ട് ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താൻ കഴിയുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. എന്നാൽ, പദ്ധതിയ്ക്കായി ഇനിയും വികസനപ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട് എന്ന് കെഎംആർഎൽ വിലയിരുത്തുന്നു. വിമാനത്താവള ഭാഗത്ത് മൂന്ന് കിലോമീറ്ററോളം കനാൽ വികസം നടത്തിയാലേ പദ്ധതി പൂർത്തിയാക്കാനാവൂ.
കെഎംആർഎൽ തയ്യാറാക്കുന്ന പുതിയ കൊച്ചി സമഗ്ര ഗതാഗത പദ്ധതിയിൽ (കോംപ്രിഹെന്‍സീവ് മൊബിലിറ്റി പ്ലാന്‍) സർവീസ് നടത്താൻ സാധിക്കുന്ന മൂന്ന് ജലഗതാഗത മാർഗങ്ങളാണ് ശുപാർശ ചെയ്തിരിക്കുന്നത്. വരാപ്പുഴ മുതല്‍ സിയാല്‍/കാലടി വരെ, കടമക്കുടി മുതൽ കോട്ടപ്പുറം വരെ, ഇടക്കൊച്ചിയിൽ നിന്ന് ആരംഭിച്ച് അരൂര്‍-പനങ്ങാട് എന്നിവിടങ്ങളിലൂടെ സൗത്ത് പറവൂര്‍ എന്നിങ്ങനെയാണ് മൂന്ന് റൂട്ടുകൾ.
രാജ്യത്ത് വാട്ടർ മെട്രോ ആരംഭിക്കുന്ന ആദ്യ നഗരമാണ് കൊച്ചി. വൻ വിജയമായ കൊച്ചി വാട്ടർ മെട്രോ മാതൃകയാക്കി രാജ്യത്തെ വിവിധ ഇടങ്ങളിൽ ഇതിനുള്ള സാധ്യത കേന്ദ്രസർക്കാർ പരിശോധിക്കുന്നുണ്ട്. അഹമ്മദാബാദ്, സൂറത്ത്, മംഗളൂരു, അയോധ്യ, ധുബ്രി, ഗോവ, കൊല്‍ക്കത്ത, പട്‌ന, പ്രയാഗ് രാജ്, ശ്രീനഗര്‍, വാരണാസി, മുംബൈ തുടങ്ങി രാജ്യത്തെ 18 നഗരങ്ങളിൽ വാട്ടർ മെട്രോ ആരംഭിക്കാനാണ് ആലോചന. ഇതിൽ ഇടക്കൊച്ചിയും കൊല്ലവും ഉൾപ്പെട്ടിട്ടുണ്ട്.
കൊച്ചി മെട്രോ ഗൂഗിൾ മാപ്പിൽ
ഇതിനിടെ ഗൂഗിൾ മാപ്പിലും വെയർ ഈസ് മൈ ട്രെയിൻ ആപ്പിലും കൊച്ചി മെട്രോയെ ഉൾപ്പെടുത്തി. ഇവ ഉപയോഗിച്ച് ഇനി മുതൽ കൊച്ചി മെട്രോയുടെ ട്രിപ്പ് ടെെമിംഗും പ്ലാറ്റ്ഫോം നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ സാധിക്കും. യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതോടെയാണ് കൊച്ചി മെട്രോയെ കുറിച്ചുള്ള വിവരങ്ങൾ കെഎംആർഎൽ സ്വകാര്യ ആപ്പിലും ലഭ്യമാക്കിയത്. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സമയം ഉൾപ്പെടെ മെട്രോ ട്രെയിൻ എവിടെ എത്തിയെന്നും നിർദിഷ്ട സ്റ്റേഷനിൽ എപ്പോൾ എത്തുമെന്നുമൊക്കെയുള്ള വിവരങ്ങൾ വെയർ ഈസ് മെെ ട്രെയിൻ ആപ്പിൽ ലഭ്യമാകും. ഗൂഗിൾ മാപ്പിൽ ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള വിവരങ്ങളാണ് ലഭ്യമാവുക. ഗൂഗിൾ മാപ്പിൽ പബ്ലിക് ട്രാൻസ്പോർട്ട് മോഡ് ആക്ടിവേറ്റ് ചെയ്താലാണ് വിവരങ്ങൾ ലഭ്യമാവുക. മെട്രോ സ്റ്റേഷനുകളുടെ പേര് നൽകി സമയം, ദൂരം, ടിക്കറ്റ് ചാർജ് തുടങ്ങി വിവിധ വിവരങ്ങളറിയാം. വെയർ ഈസ് മൈ ആപ്പിൽ കൊച്ചി മെട്രോയ്ക്കായി പ്രത്യേക ഓപ്ഷനുണ്ട്.