5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kochi Drug Seizure: ഓപ്പറേഷൻ മിഡ്‌നെറ്റ്; കൊച്ചിയിൽ അർധരാത്രി ലഹരിവേട്ട, 300 പേർ പിടിയിൽ

Kochi Police Operation Midnight: ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ആരംഭിച്ച പരിശോധന ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് അവസാനിച്ചത്. കൊച്ചി നഗരത്തിന്റെ മുക്കിലും മൂലയിലും പോലീസിനെ വിന്യസിച്ചു കൊണ്ടായിരുന്നു പരിശോധന നടന്നത്.

Kochi Drug Seizure: ഓപ്പറേഷൻ മിഡ്‌നെറ്റ്; കൊച്ചിയിൽ അർധരാത്രി ലഹരിവേട്ട, 300 പേർ പിടിയിൽ
പ്രതീകാത്മക ചിത്രം
nandha-das
Nandha Das | Updated On: 09 Mar 2025 14:32 PM

കൊച്ചി: ലഹരി ഉപയോഗിച്ചവരും കടത്തിയവരും ഉൾപ്പടെ 300 പേരെ പിടികൂടി കൊച്ചി സിറ്റി പോലീസ്. ഓപ്പറേഷൻ മിഡ്‌നെറ്റ് എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിൽ ആണ് 300 പേർ കുടുങ്ങിയത്. കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയിൽ അടക്കമുള്ള ലഹരി വസ്തുക്കളുമായി എൺപത് പേരാണ് പിടിയിലായത്. രാത്രി പതിനൊന്ന് മണി മുതൽ പുലർച്ചെ രണ്ട് മണി വരെ മുപ്പതിലേറെ ഇടങ്ങളിലായി ഒരേസമയമായിരുന്നു പരിശോധന നടന്നത്.

ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ആരംഭിച്ച പരിശോധന ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് അവസാനിച്ചത്. കൊച്ചി നഗരത്തിന്റെ മുക്കിലും മൂലയിലും പോലീസിനെ വിന്യസിച്ചു കൊണ്ടായിരുന്നു പരിശോധന നടന്നത്. അവധി ദിവസങ്ങളിൽ ലഹരി ഉപയോഗവും, ഇടപാടുകളും കൂടുതലാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഡിസിപിക്ക് പുറമെ അഞ്ച് എസിപിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വിവിധ പോലീസ് സ്റ്റേഷൻ പരിധിയിലായി 77 എൻഡിപിഎസ് കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്.

ALSO READ: ആവേശം സിനിമയുടെ മേക്കപ്പ് മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; കുടുങ്ങിയത് ലൊക്കേഷനിലേക്ക് പോകുന്നതിനിടെ

രണ്ട് കിലോ കഞ്ചാവ് കൈവശം വെച്ച് വില്പനയ്‌ക്കെത്തിയ യുവാവിനെയും ഡാൻസാഫ് സംഘം പിടികൂടി. ആലപ്പുഴ സ്വദേശിയായ അമൽ ജോസി എന്നയാളാണ് പിടിയിലായത്. ഇതിന് പുറമെ മറ്റ് യുവാക്കളിൽ നിന്ന് എംഡിഎംഎ, ഹാഷിഷ് ഓയിൽ ഉൾപ്പടെയുള്ള ലഹരിമരുന്നുകളും പോലീസ് കണ്ടെത്തി. ഓരോ മണിക്കൂർ കൂടുമ്പോഴും പോലീസ് വ്യത്യസ്തമായ പോയിന്റുകളിലേക്ക് പരിശോധന മാറ്റി. മദ്യപിച്ച് വാഹനം ഓടിച്ച 193 പേരും പോലീസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി.

പൊതുസ്ഥലത്ത് മദ്യപിച്ചതിന് 26 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. പനമ്പള്ളി നഗർ മേഖലയിലും കഴിഞ്ഞ ദിവസം പോലീസ് മിന്നൽ പരിശോധന നടത്തിയിരുന്നു. കൊച്ചി നഗരത്തിലെ ലഹരി മാഫിയ സംഘങ്ങളെ പിടികൂടാൻ ഡോഗ് സ്‌ക്വാഡ് ഉൾപ്പടെയുള്ളവ ഉപയോഗിച്ച് പരിശോധനകൾ കർശനമാക്കാൻ ആണ് പോലീസ് തീരുമാനം.