Newborn Baby Death: നവജാത ശിശുവിൻ്റെ മരണം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി
ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിൻ്റെ നീക്കം.
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം സ്ഥിരീകരിച്ചു. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് പൊലീസ് ഇന്ന് കോടതിയെ അറിയിക്കും.
നിലവിൽ കുട്ടിയുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിൻ്റെ നീക്കം. പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
നടുറോഡിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൂടാതെ കീഴ് താടിക്കും പരുക്കുണ്ട് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കുഞ്ഞിൻ്റെ ശരീരത്തിൽ ശക്തി പ്രയോഗിച്ചിട്ടുണ്ട് എന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിൻറെ അമ്മയ്ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് സംശയമുള്ളതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ശ്യാം സുന്ദർ ഇന്നലെ പറഞ്ഞിരുന്നു.
യുവതി ഗർഭിണിയായിരുന്നതും പ്രസവിച്ച കാര്യവും അവരുട മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. ജനിച്ചപ്പോൾ തന്നെ യുവതി കൊറിയർ കവറിലാക്കി കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ശേഷമാണ് കടവന്ത്രയ്ക്ക് സമീപം പനമ്പള്ളി നഗറിലെ വിദ്യനഗർ റോഡിൽ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തുന്നത്.