Kochi Tourist Injury: ഫോർട്ട്കൊച്ചിയിൽ ഓടയിൽ വീണ് വിദേശിയുടെ കാലൊടിഞ്ഞ സംഭവം; നാണക്കേടെന്ന് ഹൈക്കോടതി
High Court on Kochi Tourist Injury Incident: ഈ ഒരു വിഷയം കൊച്ചിയെ മാത്രമല്ല കേരളത്തെ ടൂറിസം മേഖലയെ ഒട്ടാകെ ബാധിക്കുന്ന ഒന്നാണെന്നും കോടതി പറഞ്ഞു.
കൊച്ചി: ഫോർട്ട്കൊച്ചിയിൽ ഓടയിൽ വീണ് വിദേശ ടൂറിസ്റ്റിന്റെ കാലൊടിഞ്ഞ സംഭവം നാണക്കേടെന്ന് ഹൈക്കോടതി. വിനോദ സഞ്ചാര കേന്ദ്രമാണെന്ന് പറയുന്നുണ്ടെങ്കിലും നടക്കാൻ പോലും പറ്റാത്ത നഗരമായി കൊച്ചി മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം. വിഷയത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധികൃതരുടെ വിശദീകരണം തേടി.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ, വിദേശികൾ അവരുടെ രാജ്യങ്ങളിൽ പോയി എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നും കോടതി ചോദിച്ചു. കൊച്ചിയെയും കേരളത്തെയും കുറിച്ച് പുറം ലോകം എന്ത് വിചാരിക്കും. പുതുക്കിപ്പണിയാൻ വേണ്ടി തുറന്നിട്ടിരുന്ന ഓടയിൽ വീണാണ് വിദേശിയായ വിനോദ സഞ്ചാരിക്ക് പരിക്കേറ്റത്. കേരളം നടക്കാൻ പോലും പേടിക്കേണ്ട നാടാണെന്ന് മറുനാട്ടുകാർ കരുതിയാൽ ഇവിടുത്തെ ടൂറിസം എങ്ങനെ വളരും. ഈ ഒരു വിഷയം കൊച്ചിയെ മാത്രമല്ല കേരളത്തെ ടൂറിസം മേഖലയെ ഒട്ടാകെ ബാധിക്കുന്ന ഒന്നാണെന്നും കോടതി പറഞ്ഞു.
ALSO READ: വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല; കേസ് റദ്ദാക്കി ഹൈക്കോടതി
അരൂർ – തുറവൂർ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടറോട് റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചു. കൂടാതെ, വിഷയത്തിൽ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂരിക്കും നിർദേശം നൽകി. അതിനിടെ, ദേശീയ പാത അതോറിറ്റിയുടെ അഭിഭാഷകൻ അരൂർ – തുറവൂർ ദേശീയപാതയിലെ ഡ്രെയിനേജ് സംവിധാനം ഒരുകുന്നതിലെ തടസ്സങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
അതേസമയം, നവംബർ 7-നാണ് നിർമ്മാണം തുടരുന്ന ഫോർട്ട്കൊച്ചി കസ്റ്റംസ് ബോട്ട് ജെട്ടിയിലെ കാനയിൽ വീണ് വിനോദ സഞ്ചാരിയുടെ കാലിന് പരിക്കേൽക്കുന്നത്. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. കണങ്കാലിന് പൊട്ടലുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. വിഷയത്തിൽ നാട്ടുകാരും ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. കൃത്യമായ മുന്നൊരുക്കം ഇല്ലാതെയാണ് കാനയുടെ നിർമ്മാണം എന്നായിരുന്നു അവരുടെ ആരോപണം.