Girl Missing: ‘സൈക്കിള്‍ ചവിട്ടിവരുന്ന കുട്ടിയെ കണ്ടപ്പോൾ സംശയം തോന്നി; പിടിച്ചുനിര്‍ത്തിയപ്പോള്‍ കരയാന്‍ തുടങ്ങി’; കാണാതായ 12കാരിക്ക് രക്ഷകനായത് ഞാറക്കൽ സ്വദേശി
Kochi 12 Year Old Girl Missing Case: രാത്രി ഏറെ വൈകി സൈക്കിളുമായി പോയ പെൺകുട്ടിയെ കണ്ട് സംശയം തോന്നിയെന്നും പിടിച്ച് നിർത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ കരയാന്‍ തുടങ്ങിയെന്നും ജോർജ് പറഞ്ഞു. ഇതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തിയതിൽ നിർണായകമായത് ഞാറക്കൽ സ്വദേശി ജോർജിന്റെ സമയോചിത ഇടപെടൽ. രാത്രി ഏറെ വൈകി സൈക്കിളുമായി പോയ പെൺകുട്ടിയെ കണ്ട് സംശയം തോന്നിയെന്നും പിടിച്ച് നിർത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ കരയാന്‍ തുടങ്ങിയെന്നും ജോർജ് പറഞ്ഞു. ഇതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വല്ലാർപ്പാടത്തേക്ക് പോലീസ് എത്തുന്നതുവരെ ജോർജിന്റെ കരങ്ങളിൽ പെൺകുട്ടി സുരക്ഷിതയായിരുന്നു.
വാർത്ത വഴിയാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞതെന്ന് മാധ്യമങ്ങളോട് സംസാരിക്കെ ജോർജ് പറഞ്ഞു. സുഹൃത്തിനൊപ്പം വീട്ടിലേക്ക് വരുന്ന വഴിയിൽ വച്ചാണ് സൈക്കിളിൽ പോകുന്ന പെൺകുട്ടിയെ കണ്ടത്. വീട്ടിൽ നിന്ന് അമ്മ വിളിച്ചപ്പോൾ കുട്ടിയെ കാണുന്നില്ലെന്ന് വിവരം പറഞ്ഞിരുന്നു. ഇതോടെയാണ് സൈക്കിളിൽ പോയ പെൺകുട്ടിയെ കണ്ട് സംശയം തോന്നിയതെന്നാണ് ജോർജ് പറയുന്നു. തുടർന്ന് സൈക്കിൾ തടഞ്ഞ് നിർത്തി എവിടെന്ന് വരികയാണെന്ന് ചോദിച്ചു. എളമക്കരയിൽ നിന്നാണെന്ന് പറഞ്ഞു. എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ കുട്ടി കരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. എന്താ പ്രശ്നമെന്ന് ചോദിച്ചപ്പോൾ സ്കൂളിലെ വിഷയം പറഞ്ഞു. ആകെ പ്രയാസമാണ് ചേട്ടാ എന്ന് പറഞ്ഞു. അപ്പോൾ തന്നെ പൊലീസിനെ വിളിച്ച് അറിയിച്ചു. കുട്ടിയെ ആശ്വസിപ്പിച്ചുവെന്നും ജോർജ് പറയുന്നു.
Also Read:ആ കുട്ടി സുരക്ഷിതയാണ്; കൊച്ചിയിൽ സ്കൂൾ വിട്ടുവരുന്നതിനിടെ കാണാതായ 12 വയസുകാരിയെ കണ്ടെത്തി പോലീസ്
അതേസമയം കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് പരാതി ഉയർന്നത്. എളമക്കര സരസ്വതി വിദ്യാനികേതനിലെ എഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പറഞ്ഞാണ് എളമക്കര പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്. ഇതോടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി. എസി പി ജയകുമാറിന്റെ നേതൃത്വത്തിലുളള സംഘം നഗരം അരിച്ചുപെറുക്കി. പിന്നീട് ഏറെ വൈകിയാണ് വല്ലാർപാടത്തുനിന്ന് കുട്ടിയെ കണ്ടെത്തിയത്.
അനുവാദമില്ലാതെ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുപോയത് പിടിച്ചെന്നും അതറിഞ്ഞാൽ തങ്ങൾ വഴക്ക് പറയുമെന്ന് ഭയന്നാണ് കുട്ടി മാറിനിന്നതെന്നും മാതാവ് അറിയിച്ചു.