kilimanoor temple fire death: ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, തിടപ്പള്ളിയിലേക്ക് കയറിയപ്പോൾ തീയാളിക്കത്തി; കിളിമാനൂരിൽ മേൽശാന്തിക്ക് ദാരുണാന്ത്യം
Kilimanoor Puthiyakav temple fire: സിലിണ്ടറിന്റെ വാൽവിൽ നിന്നാണ് പാചക വാതകം ചോർന്നത്. സംഭവത്തെ തുടർന്ന് സാരമായി പൊള്ളലേറ്റ മേൽശാന്തിയെ ആശുപത്രിയിൽ എത്തിച്ചു.
![kilimanoor temple fire death: ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, തിടപ്പള്ളിയിലേക്ക് കയറിയപ്പോൾ തീയാളിക്കത്തി; കിളിമാനൂരിൽ മേൽശാന്തിക്ക് ദാരുണാന്ത്യം kilimanoor temple fire death: ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, തിടപ്പള്ളിയിലേക്ക് കയറിയപ്പോൾ തീയാളിക്കത്തി; കിളിമാനൂരിൽ മേൽശാന്തിക്ക് ദാരുണാന്ത്യം](https://images.malayalamtv9.com/uploads/2024/10/FIRE-1.png?w=1280)
തിരുവനന്തപുരം: ക്ഷേത്രത്തിൽ തീപ്പിടിത്തമുണ്ടായി പൂജാരി മരിക്കുന്ന അപൂർവ്വ സംഭവങ്ങളുടെ പട്ടികയിലേക്ക് ഒന്നു കൂടി. കിളിമാനൂരിൽ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തിയാണ് മരിച്ചിരിക്കുന്നത്. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.
കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചകവാതകം ചോർന്നതാണ് അപകട കാരണം. ഒക്ടോബർ ഒന്നിന് വൈകിട്ട് 6.15 നായിരുന്നു സംഭവം നടക്കുന്നത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ മേൽശാന്തി പാചക വാതകം ചോർന്ന വിവരം അറിഞ്ഞില്ല.
ശേഷം വിളക്കുമായി വീണ്ടും അകത്ത് കയറുമ്പോഴാണ് തീപടർന്നത്. സിലിണ്ടറിന്റെ വാൽവിൽ നിന്നാണ് പാചക വാതകം ചോർന്നത്. സംഭവത്തെ തുടർന്ന് സാരമായി പൊള്ളലേറ്റ മേൽശാന്തിയെ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഭാര്യ: ഉമാദേവി, മക്കൾ: ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക.