Kerla Highcourt On POCSO Case: ഒത്തുതീർപ്പാക്കിയെന്ന് കരുതി പോക്സോ കേസ് റദ്ദാക്കാനാകില്ല; ഹൈക്കോടതി
Kerla Highcourt On POCSO Case: 2016-ൽ ഡോക്ടറുടെയടുത്ത് ചികിത്സതേടിയെത്തിയ പെൺകുട്ടിക്കുനേരേയാണ് ലൈംഗികാതിക്രമമുണ്ടായതായി പരാതി ഉയർന്നത്. ചൈൽഡ് ലൈൻ കൗൺസിലർക്ക് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കൊച്ചി: പോക്സോ പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ഒത്തുതീർപ്പിക്കിയതിൻ്റെ പേരിൽ റദ്ദാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. കോഴിക്കോട് സ്വദേശിയായ ഡോക്ടർ പി വി നാരായണൻ ഫയൽ ചെയ്ത ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി ജസ്റ്റിസ് എ ബദറുദ്ദീന്റേതാണ് ഉത്തരവ്. കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ഡോക്ടർ.
2016-ൽ ഡോക്ടറുടെയടുത്ത് ചികിത്സതേടിയെത്തിയ പെൺകുട്ടിക്കുനേരേയാണ് ലൈംഗികാതിക്രമമുണ്ടായതായി പരാതി ഉയർന്നത്. ചൈൽഡ് ലൈൻ കൗൺസിലർക്ക് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ലൈംഗിക ഉദ്ദേശ്യത്തോടെ ഡോക്ടർ സ്പർശിച്ചു എന്നാണ് കുട്ടി മൊഴി നൽകിയത്.
എന്നാൽ, പെൺകുട്ടിയുടെ മൊഴി തെറ്റാണെന്നും കുട്ടി തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു ഡോക്ടർ നൽകിയ ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ആദ്യമൊഴിക്ക് വിരുദ്ധമായ സത്യവാങ്മൂലവും പെൺകുട്ടിയുടേതായി കോടതിയിൽ കഴിഞ്ഞവർഷം ഫയൽചെയ്തിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ രേഖകളിൽനിന്ന് പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വ്യക്തമാണ്. അതിനാൽ ഇരയായ കുട്ടിയുടെ മറിച്ചുള്ള മൊഴി കേസ് റദ്ദാക്കാൻ കാരണമല്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.
കൂടാതെ 2018-ലാമ് കേസ് റദ്ദാക്കുന്നതിനായി കേസ് ഫയൽ ചെയ്തത്. അതിൽ 2024-ൽ മാത്രമാണ് പെൺകുട്ടിയുടെ സത്യവാങ്മൂലം നൽകിയതെന്നതും കോടതി ചൂണ്ടികാട്ടി. നിലവിൽ കോഴിക്കോട് പോക്‌സോ കോടതിയുടെ പരിഗണനയിലാണ് കേസ്. ഇതിൻ്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാനും ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്.