Kerala Rain Alert: ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്; അതീവ ജാഗ്രതാ നിർദേശം
Kerala Rain Alert: യെല്ലോ അലർട്ട് നൽകിയിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം വീണ്ടും മഴ ശക്തമാവുകയാണ്. വെള്ളിയാഴ്ച (ഇന്ന്) 12 ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇവിടങ്ങളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് യെല്ലോ അലർട്ട്. യെല്ലോ അലർട്ട് നൽകിയിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നത്.
അതേസമയം ശനിയാഴ്ച തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തിൽ ശക്തമായ മഴ വരും ദിവസങ്ങളിൽ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. കുറച്ച് ദിവസങ്ങളിലായി മഴയുടെ ശക്തി കുറഞ്ഞിരിക്കുകയായിരുന്നു. ഇടിമിന്നലോടു കൂടിയ മഴയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. വേനൽ മഴയോടൊപ്പമുള്ള ഇടിമിന്നൽ അപകടമെന്നും ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.